Nun rape case : കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി, അധികാരത്തിനായി വ്യാജ ആരോപണം ഉന്നയിച്ചു

By Web TeamFirst Published Jan 14, 2022, 10:55 PM IST
Highlights

പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി പകർപ്പ് പുറത്ത്. കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നതാണ് കേസ് തള്ളാനും ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കാനും കാരണമായി കോടതി പറയുന്നത്. കന്യാസ്ത്രീ മറ്റു ചിലരുടെ താത്പര്യങ്ങളിൽപ്പെട്ടുപോയെന്നും അധികാരത്തിനായി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നും വിധി പകർപ്പിലുണ്ട്. പരാതിയും കേസും നിലനിൽക്കുന്നതല്ലെന്നും വിധിയിൽ പറയുന്നു. 

കുറ്റപത്രത്തിൽ ഫ്രാങ്കോയ്ക്ക് എതിരെ ഏഴ് വകുപ്പുകളും നിലനിൽക്കുന്നതല്ല എന്നാണ് വിധിയിൽ പറയുന്നത്. പലതവണയായി ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ ആരോപണം നിലനിൽക്കുന്നതല്ല. കന്യാസ്ത്രീ മഠത്തിൽ ബിഷപ്പും പരാതിക്കാരിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു.  അവിടെ രണ്ട് ഗ്രൂപ്പുകളായി അധികാരതർക്കമുണ്ടായിരുന്നു അതിൻ്റെ തുടർച്ചയായി രൂപപ്പെട്ടതാണ് ഈ കേസ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കന്യാസ്ത്രീയുടേയും അവരുടെ ഒപ്പമുള്ളവരുടേയും മൊഴികൾ വിശ്വാസയോഗ്യമല്ല. നെല്ലും പതിരും ചേർന്നൊരു കേസാണിത്. അതിനാൽ ഇപ്പോൾ പ്രോസിക്യൂഷൻ അവതരിപ്പിച്ച തെളിവുകൾ വച്ച് സാധിക്കില്ല. 

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല. പലതും പർവ്വതീകരിച്ച് പറയുകയാണ്. പല ഘട്ടത്തിലും പല രീതിയിലാണ് കന്യാസ്ത്രീ മൊഴി നൽകിയത്. ബിഷപ്പിനെതിരെ പരാതി ഉന്നയിക്കുന്ന അതേഘട്ടത്തിൽ തന്നെ പരാതിക്കാരിയും ഒപ്പമുള്ള കന്യാസ്ത്രീകളും തങ്ങൾക്ക് വേറൊരു മഠം അനുവദിച്ചാൽ ഈ പരാതി ഒത്തുതീർപ്പാക്കാം എന്ന് അവർ പറയുന്നുണ്ട്. ഇതെല്ലാം അവരുടെ മൊഴിയിൽ സംശയം ജനിപ്പിക്കുന്നു. കന്യാസ്ത്രീ ലൈംഗീകമായി ഉപയോഗിക്കപ്പെട്ടു എന്നതിൽ സംശയമില്ല. പക്ഷേ ബിഷപ്പുമായി ബന്ധപ്പെട്ടുള്ള കേസ് വരും മുൻപേ ഇവർക്കെതിരെ പല പരാതികളും വന്നു. പരാതിക്കാരിയുടെ ഒരു ബന്ധു തന്നെ അവർക്കെതിരെ പരാതിയുമായി വന്നിരുന്നു. 

കേസ് നടത്തിപ്പിൽ പ്രോസിക്യൂഷൻ്റെ ഭാഗത്തും പല വീഴ്ചകളും ഉണ്ട്. കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായിട്ടായിരുന്നു ബന്ധം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദത്തെ ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ മൊബൈൽ ഫോണടക്കം പരിശോധിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരുമായിരുന്നുവെന്ന് പ്രതിഭാഗം പറയുന്നുണ്ട്. 
 

ബിഷപ്പിനെ വെറുതെ വിട്ട് കോടതി -

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് രാവിലെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിയ്ക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കളളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.

വിധി പ്രസ്തവത്തിന് തൊട്ടുപിന്നാലെ കോട്ടയത്തെ കോടതിയിൽ കണ്ടകാഴ്ചയാണിത്. ബിഷപ്പിനെ വെറുതെവിട്ടെന്ന ഉത്തരവ് പ്രോസിക്യൂഷൻ  അന്പരപ്പോടെ കേട്ടിനിന്നു. വലിഞ്ഞുമുറുകിയ മുഖവുമായി കോടതിമുറിയ്ക്കുളളിൽ മുഖം കുനിച്ചു വനിന്ന ബിഷപ് ഫ്രാങ്കോയും ഒപ്പമുളളവരും ആഹ്ളാവും സന്തോഷവും മറച്ചുവെച്ചതുമില്ല. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്‍റെ അധികാരമുപയോഗിച്ച് ബിഷപ് ബലാതംസംഗം ചെയ്തെന്നും 2014 മുതൽ 16 വരെയുളള കാലഘട്ടത്തിൽ തുടർച്ചയായി ബലാതംസംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രധാന പ്രോസിക്യൂഷൻ വാദം.  

ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടത്. ശാസ്ത്രീയ തെളിവുകളുടെ അഭാവം. സാഹചര്യത്തെളിവുകളെയും മൊഴികളേയും മാത്രം ആശ്രയിച്ചത്, പരാതിപ്പെടാനുണ്ടായ കാലതാമസം, ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ മഠവുമായി ബന്ധപ്പെട്ടുണ്ടിയിരുന്ന ചില തർക്കങ്ങൾ എന്നിവയൊക്കെയാകാം തിരിച്ചടിയായതെന്നാണ് പ്രോസിക്യഷൻ കണക്കുകൂട്ടന്നത്. 

അപ്രതീക്ഷിത വിധിയെന്നും ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നുമായിരുന്നു പ്രോസിക്യീഷന്‍റെ പ്രതികരണം . കേസുതന്നെ കെട്ടിച്ചമച്ചതാണെന്നും  കന്യാസ്ത്രീമാരുടേത് കളളമൊഴിയാണെന്ന് തെളിഞ്ഞെന്നുമാണ് പ്രതിഭാഗം നിലപാട്. ബിഷപ്പിനെതിരായ വ്യക്തിവൈരാഗ്യം തീർക്കാനുളള ഗൂ‍ഡാലോചന പൊളിഞ്ഞെന്നും പ്രതിഭാഗം പ്രതികരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിധിപ്രസ്താവം ജഡ്ജി നടത്തിയത് ഒറ്റവാചകത്തിൽ. വിധി പ്രസ്താവത്തിനുശേഷം നാടകീയ രംഗങ്ങൾക്കാണ് കോടതി മുറിക്ക് പുറത്ത് സാക്ഷ്യം വഹിച്ചത്.  ഒമ്പതരയോടെ പുറത്ത് കാത്തു നിന്ന മാധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് ഫ്രാങ്കോ കോടതിയിലെത്തി. മറ്റൊരു വാതിലിലൂടെ എത്തുകയായിരുന്നു. ഒപ്പം സഹായിയും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. പിന്നാലെ ജഡ്ജ് ജി ഗോപകുമാർ ചേംബറിൽ എത്തി.

കോടതി മുറിക്കുള്ളിൽ തീർത്തും അക്ഷോഭ്യനായി ആണ് ഫ്രാങ്കോ ഇരുന്നത്. ഇടയ്ക്കിടയ്ക്ക് മൊബൈൽ ഫോണിൽ ഓരോന്ന് പരതുന്നുണ്ടായിരുന്നു. പത്തേ കാലോടെ പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കെ സുഭാഷ് മോഹൻദാസ് എന്നിവരും കോടതിയിലെത്തി. കൃത്യം പതിനൊന്ന് മണിക്ക് ആദ്യ കേസായി തന്നെ ഫ്രാങ്കോ കേസ് പരിഗണിച്ചു. എല്ലാവരെയും അമ്പരപ്പിച്ച്  11.04 നു കുറ്റവിമുക്തനാക്കിയിരുന്നു എന്ന ഒറ്റവാചകത്തിൽ വിധിപ്രസ്താവം. വിധി കേട്ട അതിനുപിന്നാലെ ഫ്രാങ്കോയും സംഘവും കോടതിക്ക് പുറത്തേക്ക് . കൂടെയുള്ളവരെയും അഭിഭാഷകരെ കെട്ടിപ്പിടിച്ച് വൈകാരിക രംഗങ്ങൾ

ഇതേസമയം കോടതിക്ക് പുറത്ത് ഫ്രാങ്കോ അനുകൂലികൾ ലഡു വിതരണം തുടങ്ങിയിരുന്നു. എല്ലാം ഉറപ്പിച്ചിരുന്നത് പോലെ കോടതിവിധിയിൽ നന്ദി അറിയിച്ചുകൊണ്ട് ജലന്തർ രൂപതയുടെ വാർത്താക്കുറിപ്പ് വിതരണവും. വിധി വന്നതിന് തൊട്ടുപിന്നാലെ കോടതി പരിസരത്ത് ബിഷപ്പിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും മധുരവിതരണം നടത്തി. നീതി ജയിച്ചെന്ന് ജലന്ധർ രൂപതയും പ്രതികരിച്ചു.

വലിയ മാധ്യമ സംഘത്തെ വകഞ്ഞുമാറ്റി ഫ്രാങ്കോയുമായുള്ള കോടതി പരിസരത്തുനിന്ന് നീങ്ങി. തീർത്തും നിരാശരായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറും  അന്വേഷണ ഉദ്യോഗസ്ഥരും. ആരുമില്ലാത്ത ഒരു സ്ത്രീയുടെ പരാതി കോടതി ആ രീതിയിൽ തന്നെ കാണണമായിരുന്നുവെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി യുടെ പ്രതികരണം.

click me!