
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ (Congress) രാജ്യസഭാ സീറ്റിനെ (Rajyasabha Seat) കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കേരള നേതാക്കള്‍ക്ക് ഷോക്ക് നല്‍കിയാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം എത്തിയത്. രാജ്യസഭാ സീറ്റിലേക്ക് കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ഘടകകക്ഷി നേതാക്കളും സമ്മർദ്ദം തുടരുകയും വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകൾ സജീവമാവുകയും ചെയ്യുന്നതിനിടെയാണ് ഇതുവരെ ഒരു സജീവമല്ലാതിരുന്ന ഒരു പേരിലേക്ക് കൂടെ ചര്‍ച്ചകള്‍ എത്തുന്നത്.
പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്തനായ ശ്രീനിവാസൻ കൃഷ്ണന്‍റെ പേരാണ് ഹൈക്കമാൻഡ് കെപിസിസിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ടീമിൽ ഉൾപ്പെട്ടയാണ് തൃശ്ശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ എന്ന 57-കാരൻ. ഇദ്ദേഹം ഒരു ബിസിനസുകാരൻ കൂടിയാണ്. എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു.
പിന്നീട് പത്ത് വർഷത്തോളം കെ കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും. ശ്രീനിവാസന്‍ കൃഷ്ണന്‍ റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റോബര്‍ട്ട് വദ്രയുടെ ചില കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അദ്ദേഹം അംഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, എഐസിസി സെക്രട്ടറിയായി ശ്രീനിവാസൻ കൃഷ്ണനെ നിയോഗിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അന്ന് വി എം സുധീരന്‍ ശ്രീനിവാസനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതിങ്ങനെ
ഇപ്പോൾ ഒരു ശ്രീനിവാസൻ എ.ഐ.സി.സി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്.
ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു.?
ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റ് എം ലിജുവിന് നൽകണമെന്ന് സുധാകരൻ
കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ (Rajya sabha seats )എം ലിജുവിനായി (M Liju) കരുക്കൾ നീക്കി കെപിസിസി ( KPCC) അധ്യക്ഷൻ കെ സുധാകരൻ (K sudhakaran). സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി (Rahul Gandhi) സുധാകരൻ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കണമെന്ന് കെ സുധാകരൻ രാഹുലിനോട് ആവശ്യപ്പെട്ടു. എം.ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിച്ചു. രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് പുറമേ, കെപിസിസി പുന:സംഘടന വിഷയത്തിലും രാഹുലും സുധാകരനും തമ്മിൽ ചർച്ച നടത്തി.
രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. ഇതുവരെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം നിർവ്വഹിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.