'ദേവനന്ദയുടെ മരണം മനസിലെ വലിയ വേദന'; ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് പിണറായി

By Web TeamFirst Published Mar 3, 2020, 11:51 AM IST
Highlights

കുട്ടി ഏതെങ്കിലും തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം: കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയുടെ മരണം മനസിലെ വലിയ വേദനയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മാതാപിതാക്കൾക്ക് കാലത്തിന് പോലും മായ്ക്കാത്ത വേദനയാണിത്. ഒറ്റപ്പെട്ട നിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടണമെന്ന് പൊലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപോലൊരു സംഭവമുണ്ടാകാതിരിക്കാൻ ജനങ്ങളും ജാഗ്രത കാണിക്കണം. കുട്ടി ഏതെങ്കിലും തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനക്കായി ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കഴിഞ്ഞ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമായിരുന്നുവെന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. 

ദേവനന്ദയുടെ മരണം; പൂർണ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏറെ നിർണായകമായിരുന്നു. എന്നാൽ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലും ഉള്ളത്. മൃതശരീരം അഴുകി തുടങ്ങിയിരുന്നതായും വയറ്റിൽ വെളളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

click me!