
കൊച്ചി: കലാലയങ്ങളിൽ സംഘടനാ പ്രവർത്തനത്തിന് നിയമം കൊണ്ടുവരും. നിയമസഭയിലാണ് സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാട് ആവർത്തിച്ചത്. അതേസമയം കലാലയങ്ങളിൽ സംഘടനാ പ്രവർത്തനം നിരോധിച്ച ഹൈക്കോടതി വിധി നിയമം കൊണ്ടുവരുന്നതിന് തടസമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ യുവ എംഎൽഎമാരായ എം സ്വരാജും വിടി ബൽറാമുമാണ് ശ്രദ്ധ ക്ഷണിക്കൽ കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധമില്ലാതായാൽ അരാഷ്ട്രീയ വാദികൾ ഉണ്ടാകുമെന്ന് മറുപടിയിൽ മന്ത്രി കെടി ജലീൽ പറഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിയമമാകാൻ ഉടൻ തന്നെ ബില്ല് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്ന് മന്ത്രി ജലീൽ വിശദീകരിച്ചു. സംഘടനാ പ്രർത്തനങ്ങൾ ഇല്ലാതായാൽ മത ജാതി സംഘടനകളും തീവ്രവാദി സംഘടനകളും കലാലയങ്ങളിൽ ശക്തമാകുമെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.