
തിരുവനന്തപുരം: അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേവസ്വം ബോർഡ് തീരുമാന പ്രകാരമാണ് സ്വർണ്ണപ്പാളികളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. ആരോപണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുള്ള സംഘടിത ഗൂഢശ്രമമാണന്ന് കരുതുന്നുവെന്നും ദേവസ്വം ബോർഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
കോടതി അനുമതിയില്ലാതെ ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്. ബോർഡ് തീരുമാനപ്രകാരം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് ദേവസ്വം പ്രസിഡന്റിന്റെ വിശദീകരണം. വിശദീകരണവുമായി ദേവസ്വം ബോർഡ് പത്രക്കുറിപ്പുമിറക്കിയിട്ടുണ്ട്. ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ ദേവസ്വം ബോർഡ് ഇളക്കിയതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകിയിട്ടുള്ളത്.