
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിക്കത്ത് നൽകിയത്. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നേപ്പാള്‍ പാര്‍ലമെന്‍റ് വളപ്പിലേക്ക് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ ദേവൂബയുടെ വീടിന് നേര്‍ക്കും ധനമന്ത്രി പൌഡേലി നേര്‍ക്കും അതിക്രമം നടന്നു.
രാജിവെച്ച മന്ത്രിമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നീക്കമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ സ്വകാര്യ വസതിയടക്കം പ്രക്ഷോഭകാരികള്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. 19 പേരാണ് ജെൻ സി പ്രക്ഷോഭത്തെ തുടര്‍ന്ന് മരിച്ചത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താത്ക്കാലികമായി അടച്ചിരിക്കുകയാണ്. സൈന്യം നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കെ പി ശര്‍മ ഓലി കാഠ്മണ്ഡു വിട്ടുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. കൂടാതെ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ലക്നൗവിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.
അതേ സമയം, നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം പ്രക്ഷോഭത്തിലെ യുവാക്കളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. വിഷയങ്ങൾ ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വിനോദയാത്രക്ക് പോയ മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിയിരിക്കുകയാണ്. കോഴിക്കോട് കൊടുവള്ളി, കൊടിയത്തൂര്‍, മുക്കം ഭാഗങ്ങളില്‍ നിന്ന് പോയ 40 അംഗ സംഘമാണ് കാഠ്മണ്ഡുവിന് സമീപം കുടുങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡില്‍ ടയറുകള്‍ ഇട്ട് കത്തിച്ചതിനാല്‍ ഇവരുടെ വാഹനത്തിന് മുന്നോട്ട് പോകാനാകുന്നില്ല. രണ്ട് ദിവസം മുൻപാണ് സംഘം നേപ്പാളില്‍ എത്തിയത്. കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. ഗോസാല എന്ന സ്ഥത്താണ് ഇപ്പോള്‍ ഇവര്‍ ഉള്ളത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലായെന്ന് കുടുങ്ങിയ മലയാളികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam