ഉടമ അറിഞ്ഞത് ജപ്‌തി നടപടിക്ക് ഉദ്യോഗസ്ഥർ വന്നപ്പോൾ; വായ്‌പയ്ക്ക് ഈടായി നൽകിയ ആധാരമുപയോഗിച്ച് പണം തട്ടിയ കെഎസ്എഫ്ഇ ജീവനക്കാരൻ കീഴടങ്ങി

Published : Sep 09, 2025, 02:27 PM IST
Rajeevan KSFE

Synopsis

അയൽവാസിയുടെ ആധാരം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ കെഎസ്എഫ്ഇ ജീവനക്കാരൻ റിമാൻഡിൽ

ആലപ്പുഴ: വായ്പ എടുക്കാൻ ഈട് നൽകിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കെഎസ്എഫ്ഇ ജീവനക്കാരൻ കീഴടങ്ങി. കെഎസ്എഫ്ഇ ആലപ്പുഴ റീജനൽ ഓഫിസിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയിൽ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവിൽ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഹൈക്കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് ആലപ്പുഴ സൗത്ത് പൊലീസ് രേഖപ്പെടുത്തി. രാജീവൻ്റെ അയൽവാസിയായ കൂരുവേലിച്ചിറയിൽ ആപ്പൂര് വീട്ടിൽ എൻ സുമ കെഎസ്എഫ്ഇയിൽ നിന്ന് 12 ലക്ഷത്തിന്റെ ചിട്ടി പിടിച്ചിരുന്നു. ഇതിൽ നിന്നു വീട് നിർമാണത്തിന് 6 ലക്ഷം രൂപ എടുക്കാൻ അപേക്ഷ നൽകി. സുമയുടെ 12 സെന്റ് സ്ഥലത്തിന്റെ ആധാരം കെഎസ്എഫ്ഇ ഓഫീസിൽ ഈടായി നൽകിയെങ്കിലും സ്ഥലത്തേക്ക് വഴി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് പോരെന്നു രാജീവൻ പറഞ്ഞു. തുടർന്നു സുമയുടെ ഭർത്താവിന്റെ പേരിലുള്ള 8 സെന്റ് സ്ഥലത്തിന്റെ പ്രമാണം രാജീവനെ ഏൽപിച്ചു.

നാല് മാസം കഴിഞ്ഞപ്പോൾ അധികൃതർ ജപ്തി നടപടിക്ക് വന്നപ്പോഴാണ് തങ്ങൾ ആദ്യം നൽകിയ രേഖ രാജീവ് സ്വന്തം ചിട്ടിക്ക് ഈടായി നൽകിയതായി കണ്ടെത്തിയത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായും സുമയും കൂടുംബവും മനസ്സിലാക്കി. ഇതോടെ പൊലീസിൽ പരാതി നൽകി. ഇതിനിടെ വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇ കലവൂർ ശാഖയിൽ നിന്നു 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ബന്ധുവിന്റെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് മറ്റൊരു കേസും രാജീവിനെതിരെ രജിസ്റ്റർ ചെയ്തു. പക്ഷേ അറസ്റ്റ് വൈകി. ഇതോടെ വീണ്ടും സുമ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്ന് ജോലിയിൽ നിന്ന് രാജീവനെ സസ്പെൻഡ് ചെയ്‌തു. കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽ നിന്നു നീക്കി. പ്രതി മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കെഎസ്എഫ്ഇ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി