ചൗകിദാര്‍ പ്രേരണ കുമാരി; ശബരിമല കേസ് നടത്തിയ അഭിഭാഷകയുടെ ബി.ജെ.പി ബന്ധം വെളിപ്പെടുത്തി കടകംപള്ളി

Published : Mar 28, 2019, 07:12 PM IST
ചൗകിദാര്‍ പ്രേരണ കുമാരി; ശബരിമല കേസ് നടത്തിയ അഭിഭാഷകയുടെ ബി.ജെ.പി ബന്ധം വെളിപ്പെടുത്തി കടകംപള്ളി

Synopsis

അവരുടെ ബി.ജെ.പി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ പ്രേരണാ കുമാരി തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും കേസ് കൊടുക്കാന്‍ തയ്യാറായില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു

കോട്ടയം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഭിഭാഷക പ്രേരണാ കുമാരിയുടെ ബിജെപി ബന്ധം വെളിവാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി കേസ് കൊടുത്ത അഞ്ച് യുവതികളിലൊരാളാണ് പ്രേരണാ കുമാരി. കേസ് കൊടുത്ത യുവതികള്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്നായിരുന്നു ബിജെപിയുടെ വാദം. 

അവരുടെ ബി.ജെ.പി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ പ്രേരണാ കുമാരി തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലും കേസ് കൊടുക്കാന്‍ തയ്യാറായില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. അന്ന് മുങ്ങിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. 

ദില്ലിയിലെ ബി.ജെ.പിയുടെ നേതൃനിരയിലുള്ള പ്രേരണാ കുമാരി ബി.ജെ.പി ലീഗല്‍ സെല്ലിന്‍റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും ബി.ജെ.പി പോഷകസംഘടനയുടെ ഔദ്യേഗിക വക്താവുമാണെന്നും കടകംപള്ളി വ്യക്തമാക്കി. ഭക്തി പ്രസീജ സേഥി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കശര്‍മ്മ, സുധപാല്‍ എന്നിവരാണ് ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് കേസുമായി പോയ മറ്റ് യുവതികള്‍.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

 

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ‍ഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.

"കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ...."

- കടകംപളളി സുരേന്ദ്രൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്‍റെ അനുജൻ', തിരുത്തുമായി കെ എസ് അരുൺകുമാർ; വിശദീകരണം
ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു