ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് 52 ലക്ഷത്തിലധികം ഭക്തർ ശബരിമലയിൽ ദർശനം നടത്തുകയും, ക്ഷേത്രത്തിന് 435 കോടി രൂപയുടെ റെക്കോർഡ് വരുമാനം ലഭിക്കുകയും ചെയ്തു. സർക്കാർ വകുപ്പുകളുടെ ആസൂത്രണവും ഏകോപനവുമാണ് വിജയത്തിന് പിന്നിലെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണത്തെ മണ്ഡല - മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം തേടിയെത്തിയത് 52 ലക്ഷത്തിലധികം ഭക്തർ. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ഈ സീസണിൽ മാത്രം ക്ഷേത്രത്തിന് ലഭിച്ചു. അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയുമാണ് ലഭിച്ചത്. കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്റെയും കരുത്താണ് തീർത്ഥാടനകാലത്തെ ചരിത്ര വിജയമാക്കിയതെന്ന് സർക്കാർ അവകാശപ്പെട്ടു.
തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗങ്ങളാണ് ഈ വിജയത്തിന് അടിത്തറയിട്ടതെന്ന് സർക്കാർ പറയുന്നു. പത്തോളം പ്രധാന യോഗങ്ങൾ സർക്കാർ തലത്തിൽ ചേരുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇടത്താവളങ്ങളായ ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് സൗകര്യങ്ങൾ ഉറപ്പാക്കി. ഭക്തർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2600-ലധികം ശുചിമുറികൾ ഒരുക്കി. നിലയ്ക്കലിന് പുറമെ പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാർക്കിംഗ് അനുവദിച്ചു. ഇത് വലിയ തോതിൽ വാഹനത്തിരക്ക് കുറയ്ക്കാൻ സഹായിച്ചു.
നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഭക്തരുടെ വിശ്രമത്തിനായി പമ്പയിൽ ജർമ്മൻ പന്തലുകൾ ഉൾപ്പെടെ പുതിയ നടപ്പന്തലുകൾ സ്ഥാപിച്ചു. മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കി. 20 ലക്ഷത്തിലധികം ഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകി. ഉച്ചയ്ക്ക് തീർത്ഥാടകർക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ സവിശേഷതയാണ്. ക്യൂ നിൽക്കുന്ന ഭക്തർക്ക് ചൂടുവെള്ളം നൽകുന്നതിനായി ശരംകുത്തിയിലെ ബോയിലർ ശേഷി 10000 ലിറ്ററായി ഉയർത്തി. ഇവിടെ നിന്ന് പൈപ്പ് വഴി കിയോസ്‌കുകളിൽ വെള്ളമെത്തിച്ചു. ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റും വിതരണം ചെയ്തു.
ആരോഗ്യ മേഖലയിൽ മികച്ച സേവനങ്ങളും ഉറപ്പാക്കി. സന്നിധാനത്ത് ഇ.സി.ജി, എക്കോ പരിശോധനകൾ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി. പമ്പയിലും സന്നിധാനത്തുമായി 70ലധികം കിടക്കകളുള്ള ആശുപത്രി ഒരുക്കി. സംവിധാനവും പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിച്ചു. നാല് ആംബുലൻസുകൾ തീർത്ഥാടന പാതയിൽ സേവനമനുഷ്ഠിച്ചു. 18,741 പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തോടൊപ്പം വനം, ഫയർ ഫോഴ്‌സ്, ആരോഗ്യവകുപ്പ്, കെഎസ്ആർടിസി തുടങ്ങി 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം തീർത്ഥാടനത്തെ സുഗമമാക്കിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

