ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായം തുടരുമെന്ന് റവന്യൂ മന്ത്രി. ഡിസംബറിൽ നിലച്ച 9000 രൂപയുടെ സഹായം പുതിയ വീട് ലഭിക്കുന്നത് വരെ തുടരും. വാടകവീട്ടിൽ കഴിയുന്നവരുടെ വാടകപ്പണം സർക്കാർ നൽകും

തൃശൂർ: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ആശ്വാസം. ഡിസംബറിന് ശേഷം അനിശ്ചിതത്വത്തിലായിരുന്ന 9000 രൂപയുടെ ധനസഹായം തുടരുമെന്ന് റവന്യു മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാടകവീട്ടിൽ കഴിയുന്നവരുടെ വാടകപ്പണം സർക്കാർ നൽകുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. പുതിയ വീട് ലഭിക്കുന്നത് വരെ സഹായം തുടരും. ആശങ്കകൾ വേണ്ടെന്നും ഉടൻ ഉത്തരവിറക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. ഡിസംബർ വരെയായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ മാസത്തോടെ ധനസഹായം നിലച്ച അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയുള്ള ഏഷ്യാനെറ്റ് വാർത്തയെ തുടർന്നാണ് ധനസഹായം നീട്ടി ഉത്തരവിറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. കച്ചവടക്കാർക്കുള്ള സഹായ വിതരണം ഉടനെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

ദുരന്തബാധിതരുടെ പ്രതിസന്ധി നീങ്ങുന്നു

ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവർക്കെന്നാണ് ധനസഹായം നിലച്ചതോടെ ദുരിതബാധിതർ വ്യക്തമാക്കിയത്. കച്ചവട സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിത മേഖലയിലെ കച്ചവട സ്ഥാപന ഉടമകളും പ്രതികരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പാക്കേജ് പൂർത്തിയായില്ല. ടൗൺഷിപ്പിന്റെ നിർമ്മാണം പൂർത്തിയാക്കി, ദുരന്ത ബാധിതർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുവരെ അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തിരുന്നു. ദുരന്തബാധിതരിൽ ഏറെയും കൂലിത്തൊഴിൽ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുൾപൊട്ടലിൽ നഷ്ടമായതോടെ തൊഴിലിന് പോകാൻ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ഇവിടെയുള്ളവർ കടന്നുപോകുന്നത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാൽ പുനരധിവാസം പൂർത്തിയാകും വരെയെങ്കിലും സഹായധനം നൽകുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ മന്ത്രിയുടെ ഇടപെടലുണ്ടായത്.

മന്ത്രിയുടെ വാക്കുകൾ

വയനാട് ചൂരൽ മലയിലെ ദുരിത ബാധിതരെ സർക്കാർ കൂട്ടി ചേർത്താണ് പോകുന്നത്. ദുരിതബാധിതർക്ക് നൽകുന്ന സഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചരണം ശരിയല്ല. ധനസഹായം മൂന്നു മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വാടക വീട്ടിൽ താമസിക്കുന്ന ദുരിതബാധിതർക്ക് അവർ വാടക വീട്ടിൽ നിന്ന് താമസം മാറുന്നതു വരെ വാടക സർക്കാർ നൽകും. ഇതുവരെ കൃത്യമായി വാടക സർക്കാർ നൽകുന്നുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു വിധ ആശങ്കയും ആ‌ർക്കും വേണ്ട. കൃത്യമായിട്ടുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. ബോധപൂർവം ചില കാര്യങ്ങൾ മറച്ചു വച്ച് സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തുന്നത് ശരിയല്ല.