
കോട്ടയം: പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കസേരകൾ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും സ്ത്രീ പ്രവേശനത്തെ പറ്റി വാദിച്ച മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഭക്തനാണോ? എങ്കിൽ പറയട്ടെ. ഞാൻ ഭക്തനാണ്, ചെയ്ത കാര്യം തെറ്റായിപ്പോയി, മാപ്പാക്കണം, ഖേദം പ്രകടിപ്പിക്കുന്നു എന്നൊക്കെ പറയട്ടെയെന്നും ഭക്തരെ കബളിപ്പിക്കുന്ന ഏർപ്പാട് നിർത്തണമെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ്. പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഭക്തര്‍ക്ക് അറിയാം. സംഗമം ദേവസ്വം പ്രസിഡന്‍റിന്‍റേതാണെന്നാണ് പറച്ചിൽ. എന്നാൽ പ്രചാരണ ബോര്‍ഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്ന് സതീശൻ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്നും പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ഭക്തനാണ്. പണ്ട് എന്തെങ്കിലും പിണറായി പറഞ്ഞു കാണും. പക്ഷേ പിണറായിയുടെ മനസ്സിൽ ഭക്തിയുണ്ടെന്നും അതുകൊണ്ട് ആണ് വേദിയിൽ അയ്യപ്പ വിഗ്രഹം സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി വിജയൻ തന്നെ രണ്ട് വട്ടം ഇവിടെ വന്നു. ശബരിമലയിൽ അയ്യപ്പനെ കാണാൻ വരുന്ന 90 ശതമാനം പേരും സിപിഎമ്മുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.