
പത്തനംതിട്ട: കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡും സർക്കാരും ചേർന്ന് ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ബോർഡിന് ഒരു മുൻവിധിയുമില്ല. ശബരിമല വികസനം മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെ ആരെയും വീണ്ടും കാണാൻ തയാറാണ്. ശബരിമല വികസനമെന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെയും നാടിൻ്റെയും വികസനമാണ്. അയ്യപ്പ സംഗമത്തിന് നിരവധി സ്പോൺസർമാർ വന്നിട്ടുണ്ടെന്നും മാസപൂജക്ക് വരുന്ന ഭക്തർക്ക് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യവസ്ഥകൾക്ക് വിധേയമായി സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam