
തിരുവനന്തപുരം: വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാജ്യത്തിന്‍റെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തെ സജ്ജമാക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ വിജ്ഞാന സമൂഹം കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യുമായി സഹകരിച്ച് വിജ്ഞാനഭാരതി ആക്കുളത്തെ ആര്‍ജിസിബി കാമ്പസില്‍ സംഘടിപ്പിച്ച കേരള @ 2047 എന്ന സെഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത് ഭാരത് എന്ന ലക്ഷ്യത്തില്‍ സാമ്പത്തിക ശക്തിയായി മാത്രമല്ല രാജ്യം വികസിക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയിലും പരമ്പരാഗത മൂല്യങ്ങളിലും ഊന്നിനിന്നു കൊണ്ടുള്ള വികസനം സാധ്യമാകണം. രാജ്യത്തിന്‍റെ മുന്നേറ്റത്തില്‍ പൗരന്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. വികസനം മാനവിക കേന്ദ്രീകൃതമാകണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
അമൃത് കാലത്തില്‍ ആത്മനിര്‍ഭാരത് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്നും ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഓരോ സംസ്ഥാനവും അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കേണ്ടതുണ്ട്. സംസ്ഥാനത്തെ വിജ്ഞാന സമൂഹം, പ്രത്യേകിച്ച് ഗവേഷണ വികസന മേഖലയിലെ പ്രമുഖര്‍ കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുടെ വിവിധ വശങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെല്ലണം. ദേശീയ മുന്‍ഗണനകള്‍ക്ക് അനുസൃതമായി വരും ദശകങ്ങള്‍ക്കുള്ള ഒരു മാര്‍ഗരേഖ വികസിപ്പിക്കുന്നതിന് വെല്ലുവിളികളും അവസരങ്ങളും അവര്‍ പരിശോധിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സിഎംഎഫ്ആര്‍ഐയുടെ പരിശീലന പരിപാടിയായ 'അഡ്വാന്‍സിംഗ് ഇന്ത്യാസ് ബ്ലൂ ഇക്കണോമി: ദ റോള്‍ ഓഫ് ഫിഷറീസ് സെക്ടറി'ന്‍റെ റിപ്പോര്‍ട്ട് ചടങ്ങില്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്തു. വിജ്ഞാന ഭാരതി പ്രസിഡന്‍റും സിഎസ് ഐആര്‍ മുന്‍ ഡിജിയും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. ശേഖര്‍ സി മാന്‍ഡേ അധ്യക്ഷത വഹിച്ചു. ഗവേഷണ-വികസന മേഖലയിലെ പ്രമുഖര്‍, അക്കാദമിക വിദഗ്ധര്‍, ചിന്തകര്‍ തുടങ്ങിയവര്‍ 2047 ലെ കേരളത്തിന്‍റെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശേഖര്‍ സി മാന്‍ഡേ പറഞ്ഞു.