വ്രതശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു

By Web TeamFirst Published Jun 5, 2019, 6:57 AM IST
Highlights

ദൂരേ ദിക്കില്‍ നിന്നുമെത്തുന്ന പ്രിയപ്പെട്ടവര്‍. ഇടവേളക്ക്ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം കൂടിയാണ് ചെറിയപെരുന്നാള്‍

കോഴിക്കോട്: ഒരു മാസക്കാലത്തെ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിനൊടുവില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന ചെറിയ പെരുന്നാള്‍ ദിനം ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും ഒപ്പം ആഘോഷിക്കുന്ന ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം. 

ഒരു മാസം നീണ്ട വ്രതചാരണത്തിന് ശേഷമാണ് ഇക്കുറി പുണ്യങ്ങളുടെ വസന്തമായ റംസാന് വിശ്വസികള്‍ വിട ചൊല്ലുന്നത്. നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമയാണ്. മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളുമായി ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തുടക്കമായി കഴിഞ്ഞു. 

ദൂരേ ദിക്കില്‍ നിന്നുമെത്തുന്ന പ്രിയപ്പെട്ടവര്‍. ഇടവേളക്ക്ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന
സ്നേഹദിനം കൂടിയാണ് ചെറിയപെരുന്നാള്‍. പുതു വസ്ത്രമണിയുന്നതും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷതയാണ്. എങ്കിലും പുണ്യമാസത്തില്‍ നേടിയ ആത്മനിയന്ത്രണങ്ങളില്‍ അര്‍പ്പിതമായാണ് വിശ്വാസികളുടെ ആഘോഷം. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നിര്‍ബന്ധം.

click me!