
തൊടുപുഴ: പിജെ ജോസഫ് ചെയർമാനും ജോസ് കെ മാണി വർക്കിംഗ് ചെയർമാനും ആയുള്ള ജോസഫ് ഭാഗത്തിന്‍റെ ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം. പിജെ ജോസഫിന്‍റേത് അദ്ദേഹത്തിന്റെ ന്യായം മാത്രമാണെന്ന് ഒത്തുതീര്‍പ്പ് നീക്കം തള്ളിക്കൊണ്ട് റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി. അതേസമയം പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കം ജോസ് കെ മാണി വിഭാഗം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം പി ജെ ജോസഫ് തള്ളിയതോടെ പാലായിലെ കരിങ്കോഴക്കൽ വീട്ടിൽ രാത്രി വൈകിയും കൂടിയാലോചനകൾ സജീവമാണ്. പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായാൽ ഒപ്പം നിർത്താനുള്ള അംഗബലം കൂട്ടുകയാണ് ജോസ് കെ മാണി. ഭൂരിഭാഗം ജില്ലാ കമ്മറ്റികളും പിന്തുണ അറിയിച്ച് കഴിഞ്ഞുവെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. പി.ജെ. ജോസഫ് ചെയർമാനായി ജോസഫ് വിഭാഗം മുന്നോട്ട് വച്ച ഫോർമുല അംഗീകരിക്കില്ലെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകൾ ജോസ് കെ മാണി വിഭാഗം താഴെത്തട്ടിൽ എത്തിച്ച് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് അവര്‍.
എംഎൽഎമാരെയും എംപിമാരെയും മുതിർന്ന നേതാക്കളെയും വിളിച്ച് ആദ്യം അനൗദ്യോഗിക യോഗങ്ങൾ ചേരണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പാർലമെന്‍ററി പാർട്ടി ചേർന്നാൽ മതി എന്ന് ജോസഫ് വിഭാഗവും നിലപാടെടുത്തതോടെ ചർച്ചകളും വഴി മുട്ടി.വിദേശപര്യടനം കഴിഞ്ഞ് മോൻസ് ജോസഫ് തിരിച്ചെത്തിയതോടെ ജോസഫ് വിഭാഗത്തിൻറെ നീക്കങ്ങൾ കൂടുതൽ സജീവമാകും. ഇതിനിടെ സഭാ നേതൃത്വത്തിന്റെ മുൻ കൈയിൽ അനുരഞ്ജന നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam