നോക്കുകൂലി പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡിജിപിയുടെ നിർദേശം

By Web TeamFirst Published Nov 27, 2021, 12:35 PM IST
Highlights

നോക്കുകൂലിയുടെ പേരിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ട്രേഡ് യൂണിയൻ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു.  

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് (DGP Anil Kant) ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
    
മുന്തിയ പരിഗണന നൽകി കേസ് അന്വേഷിച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാനും നിർദ്ദേശമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവസരത്തിനൊത്തുയർന്ന് പ്രവർത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നൽകേണ്ട അവസ്ഥയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. നോക്കുകൂലി സംബന്ധിച്ച കേസുകളിൽ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമുളള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്നാണ് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്. 

നോക്കുകൂലിയുടെ പേരിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ട്രേഡ് യൂണിയൻ തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു.  വെറുതെ നോക്കി നിൽക്കുന്നവർക്ക് കൂലി നൽകുന്നത് കേരളത്തിലല്ലാതെ ലോകത്ത് എവിടെയും കാണാൻ കഴിയില്ലെന്ന് നോക്കുകൂലിക്കെതിരായ ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. 

നോക്കുകൂലി വാങ്ങുന്നവർക്കെതിരെ പണാപഹരണം അടക്കമുള്ള കുറ്റം ചുമത്തി കേസ് എടുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നോക്കുകൂലിയ്ക്കായി ട്രേഡ് യൂണിയനുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് കൊല്ലം സ്വദേശി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. നോക്കുകൂലി തടയാൻ നിയമ ഭേദഗതി ആലോചിക്കുന്നതായും പോലീസ് നടപടികൾക്കൊപ്പം വൻ പിഴ ഈടാക്കുന്നതിനും വ്യവസ്ഥ ഉണ്ടാക്കുമെന്നും  സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിയമഭേദഗതിയുടെ വിശദാംശം അറിയിക്കാൻ  നിർദ്ദേശിച്ച കോടതി കേസ് ഡിസംബർ 8 ന് പരിഗണിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നോക്കുകൂലിയിൽ നടപടി കടുപ്പിക്കാൻ ഡിജിപിയുടെ സർക്കുലർ വന്നിരിക്കുന്നത്. അടുത്ത ആഴ്ച ഹർജി പരിഗണിക്കുമ്പോൾ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമഭേദഗതിയെക്കുറിച്ചും ഡിജിപിയുടെ സർക്കുലറിനെക്കുറിച്ചും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. 

click me!