
തിരുവനന്തപുരം: പരിശോധനയ്ക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫീസർമാർക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാൽ വിതരണക്കാർ, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബേക്കറിയും മരുന്നുകടകളും പോലീസ് അടപ്പിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തിൽ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാൽ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഡിജിപി ഓർമ്മിപ്പിച്ചു. പോലീസുകാർ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുതിർന്ന പൗരൻമാരെയും പാവപ്പെട്ടവരേയും സഹായിക്കാൻ പോലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam