പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Feb 3, 2021, 12:23 AM IST
Highlights

ചില പൊലീസ് ഉദ്യോഗസ്ഥർ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടൽ. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പു വാങ്ങി പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപി. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പോടെ മാധ്യമങ്ങളിൽ പരസ്യം നൽകിയാൽ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.

ചില പൊലീസ് ഉദ്യോഗസ്ഥർ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടൽ. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പു വാങ്ങി പരസ്യം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ഡിജിപിയുടെ സർക്കുലർ.

ഇപ്പോള്‍ സേനയിൽ ഏതാനും ചിലർ ചെയ്യുന്ന ഈ പബ്ലിസിറ്റി ഭ്രമം നാളെ മറ്റുള്ളവരും അനുകരിക്കാനിടയുണ്ടെന്നാണ് വിമർശനം. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് സ്പോണ്‍സർഷിപ്പ് വാങ്ങിയുള്ള പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്നാണ് ഡിജിപിയുടെ താക്കീത്. അടുത്തിടെ പത്രങ്ങളിൽ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയോടെ ചെയ്ത കാര്യങ്ങൾ വിവരിച്ചുള്ള പരസ്യങ്ങൾ വന്നിരുന്നു.

click me!