'മൂന്നാം മുറ'ക്കാര്‍ക്ക് പിടിവീഴും; പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

By Web TeamFirst Published Jul 28, 2019, 9:24 AM IST
Highlights

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഉള്‍പ്പടെ പൊലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ പിടിക്കാനുള്ള നീക്കം

തിരുവനന്തപുരം: പൊലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നല്‍കി. ഒരാഴ്ചക്കുള്ളിൽ പട്ടിക നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടത്. മൂന്നാം മുറക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഉള്‍പ്പടെ പൊലീസ് പ്രതിപ്പട്ടികയിലായ സാഹചര്യത്തിലാണ് സേനയിലെ മൂന്നാംമുറക്കാരെ പിടിക്കാനുള്ള നീക്കം.മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ഡിജിപിയുടെ നിർദ്ദേശം .മൂന്നാം മുറയിൽ കുപ്രസിദ്ധരായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കണം, ഇത്തരക്കാർ ഇപ്പോള്‍ ലോക്കൽ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം അറിയിക്കണമെന്നുമാണ്  ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടത്.
 
സ്റ്റേഷനകത്തോ പുറത്തോ മൂന്നാം മുറ ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രയോഗിച്ചതായി തെളിഞ്ഞാൽ നിയമപരമായും, വകുപ്പു തലത്തിലും ശക്തമായി നടപടിയുണ്ടാകുമെന്നാണ് ഡിജിപിയുടെ മുന്നറിയിപ്പ്. മൂന്നാം മുറയിലും കസ്റ്റഡി മരണത്തിലും കേരള പൊലീസ് സ്ഥരിമായി പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. 

മുഖ്യമന്ത്രിയും  മൂന്നാം മുറക്കാർക്ക് താക്കീത് നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ മനുഷ്യാവകാശ ലംഘനമുണ്ടായാൽ നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി 
മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പക്ഷെ പട്ടിക തയ്യാറാക്കുന്നത് ഇതാദ്യമാണ്. പട്ടികയിലുള്ളവരെ പ്രത്യേക നിരീക്ഷിക്കാനും മൂന്നാം മുറ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കാനുമാണ് തീരുമാനം.

click me!