രണ്ട് കട്ടൻചായക്ക് 92 രൂപ; കോഴിക്കോട് ബീച്ചിലെ ഹോട്ടലിൽ പകൽക്കൊള്ള

By Web TeamFirst Published Jul 28, 2019, 8:56 AM IST
Highlights

പഴയ കെട്ടിടത്തിനകത്ത്, മരക്കസേരകൾ നിരത്തിയിട്ട ശീതീകരിക്കാത്ത മുറിയിൽ, ഫാനിന് കീഴിലിരുന്ന് കുടിച്ച രണ്ട് കട്ടൻ ചായക്ക് വാങ്ങിയത് 92 രൂപ

കോഴിക്കോട്: കോഴി ബിരിയാണി കഴിക്കണേൽ കോഴിക്കോട് പോകണം എന്ന് പറയും മലയാളി. കേരളത്തിൽ തനിമയാർന്ന ഭക്ഷണസംസ്‌കാരത്തിന്റെ ഈറ്റില്ലം കൂടിയാണ് കോഴിക്കോട്. കീശ കീറാതെ, രുചികരമായ ആഹാരം കഴിക്കാൻ സാധിക്കുന്ന ഇടം. എന്നാൽ അഡ്വ ശ്രീജിത്ത് കുമാർ എംപിയുടെ കുറിപ്പ് വായിച്ച എല്ലാവരും മൂക്കത്ത് വിരൽ വച്ചുപോകും.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കട്ടൻചായയുടെ വില കേട്ട് പലപ്പോഴും നമ്മൾ അന്തംവിട്ടിട്ടുണ്ട്. കോഴിക്കോട് ബീച്ചിലെ ഒരു ഹോട്ടലിലും ഏതാണ്ട് ഇത്രയും വിലയുണ്ടെന്നാണ് ശ്രീജിത്ത് കുമാർ പറയുന്നത്. കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റിലെ, പഴയ കെട്ടിടത്തിനകത്ത്, മരക്കസേരകൾ നിരത്തിയിട്ട ശീതീകരിക്കാത്ത മുറിയിൽ, ഫാനിന് കീഴിലിരുന്ന് കുടിച്ച രണ്ട് കട്ടൻ ചായക്ക് വാങ്ങിയത് 92 രൂപ. ജിഎസ്‌ടി അടക്കമുള്ള വിലയാണിത്.

കട്ടൻചായ ഒന്നിന് 40 രൂപയാണ് ഈടാക്കിയത്. രണ്ട് കട്ടൻചായക്ക് 80 രൂപയും ജിഎസ്‌ടി 12 രൂപയുമായിരുന്നു. ആകെ 92 രൂപ.

ഇത് ചോദ്യം ചെയ്‌തപ്പോൾ കടയിൽ വരുന്നത് മാന്യന്മാർ മാത്രമാണെന്നും വിലവിവരപ്പട്ടികയുടെ ആവശ്യമില്ല, മറിച്ച് മെനു കാർഡ് ഉണ്ടെന്നുമാണ് ഉടമ പറഞ്ഞതെന്നാണ് ശ്രീജിത്ത് പറയുന്നത്. എന്നാൽ ഹോട്ടലിലെ ഒരു ടെബിളിന് മുകളിലും മെനു കാർഡ് ഉണ്ടായിരുന്നില്ലെന്നും, കട്ടൻചായക്ക് ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ ജിഎസ്‌ടി ലൈസൻസിംഗ് അതോറിറ്റിയിലെ ചിലരെയും നഗരസഭ ആരോഗ്യ വിഭാഗം ഓഫീസർ ഗോപകുമാറിനെയും വിളിച്ച് സംസാരിച്ചപ്പോൾ 99 ശതമാനം തെറ്റും തന്റെ ഭാഗത്താണെന്ന് പറഞ്ഞ് മുതലാളി തെറ്റ് ഏറ്റുപറഞ്ഞതായും ശ്രീജിത്ത് പറയുന്നു. ഏതായാലും തന്റെ ഭാഗത്തുണ്ടായ തെറ്റെന്താണെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

രണ്ട് കട്ടൻചായക്ക് 92 രൂപ: വിശദീകരണവുമായി ഹോട്ടലുടമ

"കോഴിക്കോടിന്റെ ഭക്ഷണ സംസ്‌കാരത്തെ മുതലെടുത്ത് കൊള്ള നടത്തുകയാണ് ഈ ഹോട്ടലുടമ. വെള്ളത്തിന് അവർ വാങ്ങിയത് 35 രൂപയാണെന്ന് ഇന്നലെ ഞാനറിഞ്ഞു. നഗരസഭയിൽ ഹെൽത്ത് ഓഫീസർക്കും  ജിഎസ്‌ടി വകുപ്പിലും പരാതി നൽകും. കോഴിക്കോടിന്റെ ഭക്ഷണ സംസ്കാരത്തിന് കേടുവരുത്തുന്ന ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണ്," അഡ്വ ശ്രീജിത്ത് കുമാർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ശ്രീജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

#2കട്ടൻചായ, #വില92രൂപ,,,
കട്ടൻ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,,
1 കട്ടൻ ചായ 40 രൂപ 2 കട്ടൻ ചായ 80, +GST 12 രൂപ = 92
നേരത്തെ പറയാമായിരുന്നു, എങ്കിൽ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യൻമാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവർ വന്നാൽ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണന്നും ബഹുമാന്യനായ മുതലാളിയുടെ മറുപടി,,,
വിലവിവരപട്ടിക പ്രദർശിപ്പിച്ചിരുന്നെങ്കിൽ അതു കണ്ടെങ്കിലും മനസ്സിലാക്കാമായിരുന്നു, ഇവിടെ അതും ഇല്ലല്ലോ എന്നു പറഞ്ഞപ്പോ,,,
അതിന്റെ ആവശ്യമില്ല, ഇവിടെ മെനു കാർഡ് ഉണ്ടന്നായി മുതലാളി, എന്നിട്ട് Cash Counter ൽ നിന്നും ഒരു ചെറിയ Booklet എടുത്ത് അത് നിവർത്തി കാണിക്കാൻ തുടങ്ങി,,,
ഇത് ആരും കാണിച്ചില്ലന്നും, ഒരൊറ്റ ടേബിളിൽ പോലും മെനു കാർഡ് ഇല്ലന്നും പറഞ്ഞപ്പോ, അത് ചോദിച്ച് വാങ്ങി വില മനസ്സിലാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണന്ന നിലയിലായി മുതലാളിയുടെ സംസാരം,,,
കട്ടൻ ചായക്ക് ഇവർ വാങ്ങുന്ന 44+GST ചെറിയ തുകയാണന്നും ബീച്ചിൽ കടലിനോട് ചേർന്ന് നിർമ്മിച്ച 'കടലാസ് ' എന്ന കടയിൽ 60 രൂപയാണ് ചായക്കെന്നും, കോഴിക്കോട് ചായയുടെ വില ഇത്രയൊക്കെ വരുമെന്നും, സൗത്ത് ബീച്ചിൽ അയാളുടെ കടയുടെ മതിലിനപ്പുറത്ത് വർഷങ്ങളോളം താമസക്കാരനായിരുന്ന, ഇപ്പോഴും, രാവും പകലും സൗത്ത് ബീച്ചിൽ ചിലവഴിക്കുന്ന, കോഴിക്കോട്ടങ്ങാടിയിൽ ജീവിക്കുന്ന എന്നെയും, അയാളുടെ കടയുടെ പുറകിലെ കുറ്റിച്ചിറക്കാരനായ, നാട്ടുകാരനായ അബ്ദുള്ള മാളിയേക്കലിനെയും, കോട്ടയംകാരനായ മുതലാളി, പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,,
GST അടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം, തറപ്പിച്ച് ഒരു കാര്യം കൂടി പറഞ്ഞു,,,
ഇവിടെ ഇങ്ങനെയാണ്, അതിന് നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നതെങ്കിൽ അത് ചെയ്തോളൂ,,,,

അത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ വിശധമായി ഒന്ന് മനസ്സിലാക്കാമെന്ന് കരുതി,,,
GST അടച്ച ബിൽ ചോദിച്ചപ്പോൾ, System കേടാണത്രെ, Manual Bill ചോദിച്ചപ്പോൾ Order എടുക്കുന്ന Pocket Book ൽ ബില്ലെഴുതി കാണിച്ചു തന്നു, അതിൽ കടയുടെ പേരോ, GST നമ്പറോ, കാർബൺ പതിപ്പോ, ബിൽ നമ്പറോ ഒന്നും തന്നെ ഇല്ല, ആ Book മറിച്ചു നോക്കിയപ്പോ ഭക്ഷണത്തിന്റെ അറവ് വിലക്കൊപ്പം ഒരു പാട് പേർക്ക് GST എഴുതി പണം കൈപ്പറ്റിയിരിക്കുന്നതും കാണാൻ കഴിഞ്ഞു,,
വില വിവര പട്ടികയെയും, GSTയെയും കുറിച്ചുള്ള സംശയങ്ങൾ ഒന്നുകൂടി തീർക്കാം എന്നു കരുതി, കട മുതലാളിയുടെ മുമ്പിൽ വച്ചു തന്നെ ലൈസൻസിംഗ് അതോറിറ്റിയിലെ ചിലരെയും, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഗോപകുമാർ സാറിനെയും വിളിച്ച് സംസാരിച്ചു,,,
Customer കാണുന്ന തരത്തിൽ വില വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതിന്റെ നിയമ നിഷ്കർഷതയെ കുറിച്ചും, GST നിയമപരമായി കൈപ്പറ്റേണ്ടതിന്റെ രീതികളെ കുറിച്ചും സംസാരിച്ച അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു,,,

നടപടി അതൊരു പ്രയാസമുള്ള കാര്യമാണങ്കിലും, പറ്റുന്നത് ചെയ്യാൻ മുതലാളി പറഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും,,,
അതുവരെ തർക്കിച്ച, ചെയ്ത തെറ്റിനെ ന്യായീകരിച്ച മുതലാളി പോരാൻ നേരത്ത് വന്ന് 99% തെറ്റ് മൂപ്പരുടെ ഭാഗത്താണന്നായി,,, 
ബാക്കി 1% ഞങ്ങളുടെ ഭാഗത്ത് വന്ന തെറ്റ് എന്താണാവോ,,,? 
നിങ്ങളുടെ കടയിൽ ചായ കുടിക്കാൻ കയറിയതോ,,,?

പ്രിയപ്പെട്ട മുതലാളി ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നന്ന്,
കോഴിക്കോടിന് ഒരു ഭക്ഷണ സംസ്കാരമുണ്ട്,,,
മനസ്സുനിറക്കുന്ന ആദിത്യ മര്യാദയുടെയും, സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും, മാന്യതയുടെതും കൂടിയാണത്,,,
പണം പിഴിഞ്ഞെടുക്കുക എന്നതിനപ്പുറത്ത്, ഭക്ഷണം കഴിക്കുന്നവരുടെ സംതൃപ്തിയും സന്തോഷവുമാണ് വലുത്, അതിന് വേണ്ടി ആളുകളെ സ്നേഹത്തോടെ ഊട്ടുന്നവരാണ് കോഴിക്കോട്ടുകാർ,,, ഇപ്പോഴും 2 രൂപക്കും 5 രൂപക്കും ചായ നൽകുന്നവരുണ്ട് കോഴിക്കോട്,,,
രുചിയും, വൈവിദ്യവും, മര്യാദയുമാണ്, ഭക്ഷണത്തിന്റെയും റസ്റ്റോറന്റുകളുടെയും നഗരമെന്ന ഖ്യാതി കോഴിക്കോടിന് നേടികൊടുത്തത്,,,
അത് നശിപ്പിക്കരുത്,,,

പണമുണ്ടാക്കിക്കോളൂ അതിന് പറ്റിയ സ്ഥലം കൂടിയാണ് കോഴിക്കോട്,
പക്ഷെ, ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ ബിൽഡിംഗിനകത്തെ ചായക്കടയിൽ ഒരു AC പോലും ഇല്ലാതെ, പഴയ മരക്കസാരയിൽ ഫാനിനു കീഴെ ഇരുന്നു കുടിച്ച 2 കട്ടൻ ചായക്ക് 92 രൂപ വാങ്ങിക്കുന്ന, GST യുടെ പേരിൽ Slip എഴുതി പണം തട്ടുന്ന നെറികേട്, അത് ശരിയല്ല, മര്യാദയല്ല,,,
അത് അംഗീകരിക്കാൻ കഴിയില്ല,,,
താങ്കളെ പോലുള്ളവർ ചെയ്യുന്നത്, കോഴിക്കോടിന്റെ നന്മക്ക് മുകളിൽ, ഭക്ഷണ പെരുമക്ക് മുകളിൽ കരി വാരി തേക്കുക കൂടിയാണ്,,,
അതു കൊണ്ട് മാത്രമാണ് പ്രതികരിക്കേണ്ടി വന്നത്,,,,,

click me!