ഹെൽമറ്റ് വേട്ട: പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

By Web TeamFirst Published Nov 28, 2019, 11:12 PM IST
Highlights

 പൊലീസിന്‍റേയോ സര്‍ക്കാരിന്‍റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധനയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: കൊല്ലം കടയ്ക്കല്ലില്‍ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസുദ്യോഗസ്ഥന്‍ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. പൊലീസിന്‍റേയോ സര്‍ക്കാരിന്‍റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധനയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ ദുഖിപ്പിച്ച സംഭവമാണിത്. ഇനി തൊട്ട് ഇത്തരം പരിശോധനകള്‍ ആവര്‍ത്തിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിക്ക് മാത്രമായിരിക്കും. ഇതു സംബന്ധിച്ചുള്ള കര്‍ശന നിര്‍ദേശം നാളെ എസ്പിമാര്‍ക്ക് നല്‍കുമെന്നും ഡിജിപി പറഞ്ഞു. 

ഇന്ന് ഉച്ചയോടെയാണ് കടയ്ക്കല്ലില്‍ ഹെൽമറ്റ് പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്. ലാത്തിയേറില്‍ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറിലിടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സിദ്ധിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

ലാത്തിയെറിഞ്ഞ പൊലീസുകാരന്‍ ചന്ദ്രമോഹനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാരിപ്പള്ളി- മടത്തറ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. വാഹന പരിശോധന സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സ്ഥലം മാറ്റുമെന്ന് എസ്പി വ്യക്തമാക്കി. എഡിജിപി ഷേഖ് ദർവേസ് സാഹിബ് സംഭവം അന്വേഷിക്കും. റോഡില്‍ പരിക്കേറ്റ് കിടന്നിട്ടും സിദ്ധിഖിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് സിദ്ധിഖിന്‍റെ പിതാവ് പറയുന്നു. 

സിദ്ധിഖ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. റോഡിൽ ഒളിഞ്ഞിരുന്ന് പരിശോധന നടത്തരുതെന്ന് കാട്ടി പൊലീസ് മേധാവി നിരവധി സർക്കുലറുകൾ നേരത്തെ ഇറക്കിയിട്ടുണ്ട്.  ഹെൽമെറ്റ് വേട്ട പാടില്ലെന്നും ആധുനിക സങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വേണം വാഹനപരിശോധന നടത്താനെന്നും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. 

click me!