ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ നടപടി; അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണം, എജിക്ക് ഡിജിപിയുടെ കത്ത്

By Web TeamFirst Published Jan 27, 2022, 9:31 PM IST
Highlights

പൊലീസിന് ലഭിച്ച നിയമോപദേശം അപ്പീൽ ഫയൽ ചെയ്യാം എന്നാണെന്നും ഡിജിപിയുടെ കത്തിലുണ്ട്.
 

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ നടപടിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ വേഗത്തിൽ ആക്കണം എന്നാവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപിയുടെ കത്ത്. അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. തെളിവുകൾ എല്ലാം ഹാജരാക്കിയിട്ടും വിചാരണ കോടതി ബിഷപ്പിനെ വെറുതെ വിടുകയാണ് ചെയ്തത്. പൊലീസിന് ലഭിച്ച നിയമോപദേശം അപ്പീൽ ഫയൽ ചെയ്യാം എന്നാണെന്നും ഡിജിപിയുടെ കത്തിലുണ്ട്.

ഇക്കഴിഞ്ഞ ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി  പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്‍റെ അധികാരമുപയോഗിച്ച് ബിഷപ്പ് ബലാത്സംഗം ചെയ്തെന്നും 2014 മുതൽ 16 വരെയുളള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്‍റെ പ്രധാന വാദം. ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്. 

click me!