എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷ: ഫോക്കസ് ഏരിയയിലെ എതിർപ്പുകൾ തള്ളി വിദ്യാഭ്യാസമന്ത്രി

By Web TeamFirst Published Jan 27, 2022, 8:49 PM IST
Highlights

എ പ്ലസ്സിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഗുണം ചെയ്യില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: വ്യാപകമായ പരാതികൾ ഉയർന്നിട്ടും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷക്കുള്ള ഫോക്കസ് ഏരിയ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എ പ്ലസ്സിൽ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഗുണം ചെയ്യില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. കൊവിഡ് മൂന്നാം തരംഗത്തിൻ്റെ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്തു പരീക്ഷയ്ക്ക് ശേേഷമാക്കിയെന്നും  ഒന്ന് മുതൽ ഒൻപത് വരെയുള്ള ഓൺലൈൻ ക്ലാസുകൾ കൂടുതൽ ശക്തമാക്കുമെന്നും ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം  പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെവിദ്യാർത്ഥികൾക്ക് നേരിട്ടുള്ള  ക്ലാസുകൾ തുടരും.  

പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറച്ചതിൽ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്.  നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയ്സ് കുുറച്ചതും വിവാദമായിരുന്നു. എന്നാൽ പരാതികൾ തള്ളി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ

കൂടുതൽ എ പ്ലസ് കിട്ടലല്ല വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്നാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. 1 മുതൽ 7 വരെ ക്ലാസുകൾക്ക് വിക്ടേഴ്സ് വഴി ഡിജിറ്റൽ ക്ലാസ് നൽകും. 8,9 ക്ലാസുകളിൽ ഗൂഗിൾ പ്ലാറ്റ്ഫോമായ ജി സ്യൂട്ട് വഴിയാവും അധ്യയനം.  

പൊതുപരീക്ഷയ്ക്ക് മുൻപായി തന്നെ പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങൾ തീർക്കും. അധിക ക്ലാസുകൾ ആവശ്യമെങ്കിൽ അക്കാര്യം ആലോചിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. ഹയർസെക്കണ്ടറി  ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ 31ന് തന്നെ നടക്കും.  കോവിഡ് പോസിറ്റിവായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേകം സംവിധാനമൊരുക്കുമെന്നും.  ക്ലാസുകൾ അടക്കമുള്ള കാര്യത്തിൽ രണ്ട് ദിവസം കൂടുമ്പോൾ സ്കൂളുകൾ റിപ്പോർട്ട് നൽകണം. മോഡൽ പരീക്ഷ വേണോയെന്നതിൽ സ്കൂളുകൾക്ക് തീരുമാനമടുക്കാം.  ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ പരീക്ഷ വേണോയെന്നതിൽ തീരുമാനം പിന്നീടെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

click me!