
തിരുവനന്തപുരം: കേരള പൊലീസ് ആക്ടിലെ 86 വകുപ്പ് ആദ്യമായി പ്രയോഗിച്ച് ഒരു ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുമ്പോൾ അത് സേനയിലെ പലർക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്. കേരളത്തിൽ ആദ്യമായി 86 ാം വകുപ്പ് പ്രയോഗിക്കേണ്ടിവന്നത് സേനക്ക് അത്രമേൽ കളങ്കം ചാർത്തിയ ഉദ്യോഗസ്ഥനെതിരെ ആയിരുന്നു എന്നത് ഡി ജി പി പുറത്തിറക്കിയ ഉത്തരവിൽ അടിവരയിടുന്നുണ്ട്. ഒപ്പം തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള പല ഉദ്യോഗസ്ഥർക്കും അതൊരു മുന്നറിയിപ്പായും മാറും. ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാരുടെ പട്ടിക പൊലിസ് ആസ്ഥാനത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതിലെ ഒന്നാമത്തെ പേരുകാരനാണ് സേനയിൽ നിന്നും പുറത്താക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇനിയും നടപടികളുണ്ടാകാനുള്ള സാധ്യത പലരും വിലയിരുത്തുന്നുണ്ട്.
ബലാൽസംഗം ഉള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഇൻസ്പെക്ടറാണ് പി ആർ സുനു. 15 പ്രാവശ്യം സുനു വകുപ്പ്തല നടപടി നേരിട്ടുണ്ട്. 3 പ്രാവശ്യം സസ്പെഷനും സുനുവിനെ തേടിയെത്തിയിട്ടുണ്ട്. ഇൻസ്പെക്ടർ തന്നെ ദളിത് യുവതിയെ ബലാസംഗം ചെയ്തെന്ന കേസിലും പ്രതിയായത് സേനയ്ക്ക് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. തുടർച്ചയായി അച്ചടക്കം ലംഘനം നടത്തുന്ന പി ആർ സുനു സേനയിൽ തുടരുന്നതിൽ യോഗ്യനല്ലെന്ന് കണ്ടെത്തിയാണ് 86 ആം വകുപ്പു പ്രകാരമുള്ള ഡി ജി പിയുടെ പിരിച്ചുവിടൽ ഉത്തരവ്.
ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ ഇൻസ്പെക്ടറായിരിക്കുമ്പോഴാണ് തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗം കേസിൽ വീണ്ടും ആരോപണ വിധേയനാകുന്നത്. നിരവധി അച്ചടക്കനടപടി നേരിട്ട സുനു ക്രമസമാധാന ചുമതലകളിൽ തുടരുന്ന വിവാദമായതോടെ സർക്കാരും വെട്ടിലായിരുന്നു. തൃശൂരിൽ ദളിത് പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് സുനു അവസാനം അച്ചടക്ക നടപടി നേരിട്ടത്. ശമ്പള വർദ്ധന തടഞ്ഞുകൊണ്ടായിരുന്നു നടപടി അവസാനിപ്പിച്ചത്. വകുപ്പതല നടപടി അവസാനിപ്പിച്ചാലും ഒരു വർഷത്തിനകം ഡി ജി പിക്ക് പുനഃപരിശോധിക്കാൻ അധികാരമുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് സുനുവിനെതിരായ അച്ചടക്ക നടപടി പുനഃപരിശോധിച്ച് പിരിച്ചുവിടിലുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പിരിച്ചുവിടൽ നടപടി തടയാൻ കേരള അഡ്മിനിസ്ട്രീവ് ട്രൈബ്യൂണിലിനെ സമീപിച്ചുവെങ്കിലും സ്റ്റേ ലഭിച്ചില്ല. ഡി ജി പിക്ക് രേഖാമൂലം മറുപടി നൽകിയതിന് പിന്നാലെ നേരിട്ട് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണെന്ന് മറുപടി ഒഴിഞ്ഞുമാറി. ഈ മാസം 13 ന് ട്രൈൂബ്യൂണലിലെ കേസ് പരിഗണിക്കുന്നതുവരെ നീട്ടികൊണ്ടുപോകാനായിരുന്നു ആശുപത്രി വാസം. എന്നാൽ ഓണ്‍ലൈൻ വഴി സുനുവിനെ നേരിട്ട് കേട്ടിട്ടായിരുന്നു പുറത്താക്കാനുള്ള ഉത്തരവ് ഡി ജി പി പുറത്തിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam