
തിരുവനന്തപുരം: ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ധർമ്മൻ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി.
സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ നിലവിൽ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാർത്ഥി യു.സി.രാമൻ 15000-ത്തോളം വോട്ടുകൾക്കാണ് സിപിഎം നേതാവും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ പുരുഷൻ കടലുണ്ടിയോട് പരാജയപ്പെട്ടത്. ധർമ്മജന് ബാലുശ്ശേരിയിൽ മത്സരിക്കണമെങ്കിൽ സീറ്റ് മുസ്ലീംലീഗിൽ നിന്നും കോൺഗ്രസ് ഏറ്റെടുക്കേണ്ടതായി വരും.
നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം സീറ്റിൽ കഴിഞ്ഞ തവണ കോൺഗ്രസാണ് മത്സരിച്ചത്. കുന്ദമംഗലം ലീഗിന് നൽകി ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുക്കുക എന്നൊരു നിർദേശം ഇതിനോടകം ജില്ലയിലെ യുഡിഎഫിൽ ഉയർന്നു വന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായി കരുതുന്ന ബാലുശ്ശേരിയിൽ ധർമ്മജനെ പോലെ ജനപ്രിയനായ ഒരാളെ സ്ഥാനാർത്ഥിയായി കൊണ്ടു വന്നാൽ മണ്ഡലം പിടിക്കാൻ പറ്റിയേക്കും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിനെയാണ് സിപിഎം ബാലുശ്ശേരിയിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam