Dheeraj Murder: 'കുത്തിയത് കണ്ടവരില്ല'; ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ

Published : Jan 15, 2022, 12:51 PM ISTUpdated : Jan 15, 2022, 12:59 PM IST
Dheeraj Murder: 'കുത്തിയത് കണ്ടവരില്ല'; ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് ആവർത്തിച്ച് കെ സുധാകരൻ

Synopsis

താൻ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അല്ലെന്നാണ് സുധാകരൻ അവകാശപ്പെടുന്നത്. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ കരുക്കളാണ് ആ കുട്ടിയെന്നും നിഖിൽ പൈലി രക്ഷപ്പെടാൻ വേണ്ടിയാണ് ഓടിയതെന്നും സുധാകരൻ പറഞ്ഞു. 

തിരുവനന്തപുരം: ധീരജ് വധക്കേസിൽ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസിൽ അറസ്റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്‍റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്. 

രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി. നിഖിൽ പൈലിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് കെ സുധാകരൻ. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെന്നാണ് വിശദീകരണം. കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ സുഖിക്കകയല്ലേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

താൻ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അല്ലെന്നാണ് സുധാകരൻ അവകാശപ്പെടുന്നത്. സിപിഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിൻ്റെ കരുക്കളാണ് ആ കുട്ടി, നിഖിൽ പൈലിയെ  എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചു. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‍യുവിൻ്റെ തലയിൽ എങ്ങനെ വരുന്നുവെന്നാണ് സുധാകരന്‍റെ ചോദ്യം. ധീരജിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാത്തതിൽ പൊലീസാണ് മറുപടി പറയേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ പറയുന്നു. 

താൻ മരണത്തിൽ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ജീവൻ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താനെന്ന് സുധാകരൻ അവകാശപ്പെടുന്നു. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങൾ അത്ഭുതകരമാണ്. അക്രമം കൊണ്ട് പിടിച്ച് നിൽക്കുന്ന സംഘടനയാണ് എസ്എഫ്ഐയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

ധീരജിന്റെ മരണത്തിൽ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല, പക്ഷേ അവിടെ പോകാൻ പറ്റില്ല. മരിച്ച ഉടൻ ശവകുടീരം കെട്ടാൻ എട്ട് സെന്റ് സ്ഥലം വാങ്ങി സിപിഎം ആഘോഷമാക്കാൻ ശ്രമിച്ചുവെന്നാണ് സുധാകരൻ്റെ കുറ്റപ്പെടുത്തൽ. അവിടെ മാത്രമല്ല ആഘോഷം തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും സുധാകരൻ ആക്ഷേപിക്കുന്നു. 

മരണത്തിലും ആഘോഷം നടക്കുകയാണ്. പിണറായി ഭരണത്തിൽ 54 കൊലപാതകമുണ്ടായി. ഇതിൽ 28 എണ്ണത്തിൽ സിപിഎം പ്രതികളാണ്, 12 ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത്. കേഡർ എന്നാൽ ആയുധമെടുത്ത് പോരാടുന്നതല്ല സമർപ്പിത ഭടനാണ് കേഡർ എന്നാണ് ഗാന്ധിജി പറഞ്ഞത്. ഇങ്ങനെ പോകുന്നു സുധാകരൻ്റെ വിശദീകരണം. 

ഏത് കൊലപാതകത്തെയാണ് സിപിഎം അപലപിച്ചതെന്ന് ചോദിച്ച സുധാകരൻ ടിപിയെ കുലംകുത്തിയെന്ന് വിളിച്ച അഹിംസാവാദികളാണ് തന്നെ പ്രതിചേർക്കുന്നതെന്നും കുറ്റപ്പെടുത്തി. മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത പൊലീസാണ് മരണത്തിന് കാരണം. കേസിൽ അറസ്റ്റിലായ 5 പേർക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് വീണ്ടും സുധാകരൻ ആവർത്തിച്ചു. 

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി