
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെച്ചൊല്ലി മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ വൻ തർക്കവും നാടകീയ രംഗങ്ങളും. കോടതി വിധിയുമായി ഔദ്യോഗികമായി ചുമതലയേൽക്കാൻ എത്തിയ മുൻ ഡി.എച്ച്.എസ് ഡോ. റീനയ്ക്ക് കസേര വിട്ടുനൽകാൻ നിലവിലെ ഡയറക്ടർ ഡോ. മീനാക്ഷി കൂട്ടാക്കാതിരുന്നതാണ് സ്ഥിതി വഷളാക്കിയത്. തർക്കം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി.
മുൻപ് ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി വളപ്പിലുള്ള ഡി.എച്ച്.എസ് ആസ്ഥാനത്ത് എത്തിയത്. വിധി പ്രകാരം തനിക്ക് ഔദ്യോഗിക കസേരയിൽ ഇരുന്ന് ചുമതലയേൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ ഡി.എച്ച്.എസ് ആയ ഡോ. മീനാക്ഷി കസേരയിൽ നിന്നും മാറാൻ തയ്യാറായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉത്തരവോ നിർദ്ദേശമോ ലഭിക്കാതെ താൻ കസേര ഒഴിഞ്ഞുതരില്ലെന്ന നിലപാടിൽ ഡോ. മീനാക്ഷി ഉറച്ചുനിന്നു. രണ്ടുപേരും തമ്മിലുള്ള തർക്കം മൂർച്ഛിച്ചതോടെ ഓഫീസിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. തുടർന്ന് ഡോ. മീനാക്ഷി പോലീസിന്റെ സഹായം തേടുകയും തനിക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവരുമായും ചർച്ച നടത്തുകയാണ്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ കസേര തർക്കത്തിന് പരിഹാരമാകൂ. രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ.റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ സർക്കാർ നടപടി വൻ വിവാദമായിരുന്നു. റീനയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് വന്നതിന് പിന്നാലെയുള്ള മന്ത്രിയുടെ പ്രതികരണവും ഈ തർക്കത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു. തൊരപ്പൻ പണിയെടുക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്നും റീന തുരപ്പൻ പണി നടത്തിയോ എന്ന് മേൽ കോടതിയിൽ പറഞ്ഞോളാമെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. സർക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ മുരളിധരൻ ഇരിക്കുമ്പോൾ ആ കസേരയിൽ ഉണ്ടാകില്ല. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവെച്ചോ? ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ഉടൻ തീരുമാനം എടുക്കണം. ഈ കസേരയിൽ ഇരിക്കുന്നിടത്തോളം ഇങ്ങനെയാണ്. ഭരണപരമായ കാര്യങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിന് മുകളിൽ ഹൈക്കോടതിയുണ്ടെന്നും മുരളീധരൻ പറഞ്ഞിരുന്നു. അതിനാൽ തന്നെ മന്ത്രിയുടെയും സർക്കാരിൻ്റെയും ഇപ്പോഴത്തെ ഡിഎച്ച്എസ് ഡോ. മീനാക്ഷിക്കാണെന്ന് ഇതിലൂടെ വ്യക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam