സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നാളെ പത്തനംതിട്ട ജില്ലയിലെ ദുരന്തമേഖലകൾ സന്ദർശിക്കും. ആറന്മുള, റാന്നി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെത്തി അദ്ദേഹം ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ദുരന്തമേഖലകൾ സന്ദർശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദർശിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശൻ, തുടർന്ന് റാന്നി ഉൾപ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി നേരിട്ട് സംസാരിക്കും. മഴക്കെടുതി അനുഭവിക്കുന്നവർക്കുള്ള അടിയന്തര ആശ്വാസ സഹായങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നാണ് വിവരം. ഇക്കാര്യം നേരത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു. പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്നും ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

നാളെയും അതിശക്ത മഴ, അവധി, ഓറഞ്ച് അലർട്ട്

അതേസമയം സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധിയും 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. രാത്രി 10 മണിയോടെ ഏറ്റവും ഒടുവിലായി ഇടുക്കിയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ കണ്ണൂരിലും വയനാട്ടിലുമാണ് നിയന്ത്രിത അവധിയുള്ളത്. കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിലാകട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി.

അതേസമയം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പിൽ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയത്. നേരത്തെ നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിൽ പുതിയ അറിയിപ്പ് പ്രകാരം നാളെ 12 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

YouTube video player