
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് കസേരകളി തുടരുന്നത്തിനിടെ ഭരണം തുടങ്ങി ഡയറക്ടർ ഡോ. വി മീനാക്ഷി. വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊണ്ടാണ് ഡോ. വി മീനാക്ഷിയുടെ ആദ്യ സർക്കുലർ. പനിക്കാല അടിയന്തിര സാഹചര്യത്തിലാണ് നിർദ്ദേശം. എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്ടർമാർ കൃത്യസമയത്ത് ഒ പിയിൽ എത്തണമെന്നും ഡയറക്ടർ നിര്‍ദേശിച്ചു. അഡീഷണൽ ഡയറക്ടർക്കും മെഡിക്കൽ ഓഫീസർമാർക്കുമാണ് ഡയറക്ടർ സർക്കുലർ നല്‍കിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടർ ആസ്ഥാനത്ത് രണ്ടാം ദിവസവും കസരേകളി തുടരുകയാണ്. ഡോ.റീന കെ.ജെയും ഡിഎച്ച്എസ് ചുമതലയുള്ള ഡോ.മീനാക്ഷിയും ഇന്നും ഓഫീസിൽ മുഖാമുഖം കസേരകളിൽ തുടർന്നു. നിപ മുതൽ കുരങ്ങുപനിയെ വരെ സംസ്ഥാനം നേരിടുന്ന സമയത്താണ്, ആരോഗ്യവകുപ്പ് ഡയറക്ടർ പോലെയൊരു സുപ്രധാന പദവിയിൽ തർക്കം തുടരുന്നത്. ഡോ. മീനാക്ഷി മാറാത്തതിനാൽ ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡിഎച്ച്എസിന്റെ കസേരയിലിരിക്കാനായില്ല. വ്യാഴാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.റീന കെ ജെയെ സ്ഥലം മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. ഇന്നലെ രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി ഡോ. റീന ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. പകരം ചുമതലയുള്ള ഡോ.മീനാക്ഷി അതിനും മുന്നേ ഓഫീസിലുണ്ടായിരുന്നു. ഡോ. റീന ട്രൈബ്യൂണൽ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല.
സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത്, ഡിഎച്ച്എസ് കസേരയിലിരുന്ന് ജോലി തുടർന്നു. ഓഫീസ് സമയം മുഴുവൻ ഡോ. റീന എതിർവശത്തെ കസേരയിലിരുന്നു. ഉച്ചഭക്ഷണത്തിന് ഡോ. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ. മീനാക്ഷി കസേരയിൽ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡിഎച്ച്എസും പുതിയ ഡിഎച്ച്എസും മുഖാമുഖം കസേരകളിൽ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ തർക്കം മൂലം ഇന്നലെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam