വയനാട്ടിൽ സ്മൃതി ഇറാനി ഭക്ഷണമെത്തിച്ചോ? സത്യമെന്ത്? പ്രതികരിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Apr 8, 2020, 7:30 PM IST
Highlights

സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെയാണ് സംസ്ഥാനത്ത് ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: കരുവാരക്കുണ്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചെന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി. കരുവാരക്കുണ്ടില്‍ ഭക്ഷണത്തിന് ക്ഷാമമുണ്ടായിട്ടില്ലെന്നും, അത്തരത്തിലൊരു പരാതി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ അഫ്‍സല്‍ എന്നയാളുടെ ക്വാട്ടേഴ്‍സില്‍ താമസിക്കുന്നുണ്ട്. 

അവര്‍ക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും ക്വാട്ടേഴ്‍സ് ഉടമയും ഏജന്‍റും എത്തിച്ച് നല്‍കിയിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും സ്വയം പാചകം ചെയ്തോളാമെന്നായിരുന്നു പ്രതികരണം. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത്  അധികൃതര്‍ ക്വാട്ടേഴ്‍സില്‍ കഴിഞ്ഞ ദിവസം 25 കിറ്റുകള്‍ എത്തിച്ചു. 

സ്‍മൃതി ഇറാനിയുടെ ഇടപടെല്‍ മൂലം പട്ടണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിയെന്ന വ്യാജപ്രചാരണത്തെ ഇന്നലെ അവഗണിച്ച് കളയുകയായിരുന്നു. എന്നാൽ ഇന്ന് ദില്ലിയിൽ നിന്നുള്ള ചില മാധ്യമങ്ങളിൽ അമേഠിയിൽ രാഹുലിന്‍റെ സഹായം, വയനാട് മണ്ഡലത്തിൽ സ്‍മൃതി ഇറാനിയുടെ സഹായം എന്നൊരു വാർത്ത കണ്ടു. 

കൂടാതെ സ്‍മൃതി ഇറാനി ഇടപെട്ട് തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചെന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെയാണ് ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലുള്ള തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടാവരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

click me!