
പൊന്നാനി: മാധ്യമങ്ങളിൽ സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചെന്നും അതില്‍ നിക്ഷേപം ഉണ്ടെന്നും പറയുന്ന മൊഴി തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആര്‍ക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാനില്‍ നല്ല നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീര്‍ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്‍റെ പേരില്‍ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാര്‍ജാ ഷെയ്ഖിനെ കേരളത്തില്‍ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ല. കേരള സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.
മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാള്‍ ഇതിനകം എട്ടോളം മൊഴികള്‍ നല്‍കിയതായാണ് അറിയാന്‍ കഴിയുന്നത്. ഇപ്പോള്‍ പുതിയ കെട്ടുകഥകള്‍ ഉണ്ടാക്കുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാല്‍ അത് സത്യസന്ധവും നിയമപരവുമായിരിക്കണം. അല്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകള്‍ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ വിശദീകരണ കുറിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam