KSRTC| പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസിയില്‍ ഡയസ്‍നോണ്‍; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

By Web TeamFirst Published Nov 4, 2021, 3:41 PM IST
Highlights

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (ksrtc) പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ (Dies non) പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷനും ബിഎംഎസിന്‍റെ എംപ്ളോയീസ് സംഘും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കും.

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലയ്ക്കും.  കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി. 

click me!