കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതായി സൂചന. ഇതിനാലാണ് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. അന്വേഷണസംഘം ബിനീഷിന് ക്ലീൻ ചിറ്റ് നൽകിയിരുന്നില്ല.
ബിനീഷ് ഇന്നലെ നൽകിയ മൊഴികളിൽ വിശ്വാസ്യത ഇല്ലെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബിനീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നാണ് എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് ബിനീഷിനെ വിട്ടയച്ചത്. ഒമ്പതരയോടെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ യോഗം ചേർന്ന് കാര്യങ്ങൾ വിശകലനം ചെയ്തപ്പോൾത്തന്നെ ബിനീഷിന്റെ മൊഴികളിലെ വിശ്വാസ്യതയില്ലായ്മ ബോധ്യപ്പെട്ടിരുന്നു.
Read Also: ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും; ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ്...
കഴിഞ്ഞ ഒരു മാസമായി ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസ് സംരംഭങ്ങളെക്കുറിച്ചുമെല്ലാം തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി അന്വേഷിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളിൽ നിന്നടക്കം മൊഴികൾ ശേഖരിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്, ബിനീഷ് ഇന്നലെ നൽകി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഇന്നലെ ബിനീഷിനോട് പല വിഷയങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചിരുന്നു. അനൂപ് മുഹമ്മദ് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്വപ്ന സുരേഷുമായി ഉള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ, മലയാള സിനിമയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ചോദിച്ചിരുന്നു.
എന്നാൽ, ബിനീഷിന്റെ മറുപടികൾ തൃപ്തികരമായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതു മാത്രമല്ല, താൻ സത്യമല്ല പറയുന്നതെന്ന ബോധ്യം ബിനീഷ് കോടിയേരിക്ക് ഉണ്ടായിരുന്നെന്നാണ് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് തങ്ങൾക്ക് മനസ്സിലായതെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അങ്ങനെയാണ്, ഇന്നലെ നൽകിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.
Read Also: ബിനീഷ് കോടിയേരിയെ 11 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിപ്പിക്കും...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam