Asianet News MalayalamAsianet News Malayalam

ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും; ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ്

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത് 11 മണിക്കൂറിലധികമാണ്.  

bineesh kodiyeri will be called again has not given clean chit says enforcement
Author
Kochi, First Published Sep 10, 2020, 6:12 AM IST

കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷിനെ ചോദ്യം ചെയ്തത് 11 മണിക്കൂറിലധികമാണ്. കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രാഥമിക അന്വേക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് ആറ് മണിയോടെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ചെന്നൈ ജോയന്‍റ് ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലി‍ൽ പങ്കുചേര്‍ന്നു. ചോദ്യം ചെയ്യല്‍ അവസാനിച്ച് പുറത്തിറങ്ങിയ ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. താല്‍ക്കാലികമായാണ് ബിനീഷിനെ വിട്ടയച്ചിരിക്കുന്നത്. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിലൂടെ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിക്കും. ഇത് വരെ ലഭ്യമായ രേഖകള്‍ മൊഴികള്‍ ,മറ്റു തെളിവുകള്‍ എന്നിവയുമായി മൊഴി താരതമ്യം ചെയ്യും. ഇതിന് ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന UAFX കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണം. ബി കാപ്പിറ്റൽ ഫൈനാൻഷ്യൽ സൊലൂഷ്യൻസ്, ബി കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ് എന്നീ പേരുകളിലാണ് ബിനീഷ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് അനധികൃത പണം ഇടപാടുകൾക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. 

ഇതോടൊപ്പം യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകൾക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയർന്നു. ഇതിന്‍റെ ഉടമ അബ്ദുൽ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. ഈ കമ്പനിയെ കോൺസുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്വർണ്ണക്കളക്കടത്ത് റാക്കറ്റ് ഫണ്ട് കണ്ടെത്താൻ അനൂപ് മുഹമ്മദ് ഉൾപ്പെട്ട ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജൻസികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. റാക്കറ്റിന്‍റെ സൂത്രധാരനായ കെ ടി റമീസ് വഴിയായിരുന്നു മയക്ക് മരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്. 

തനിക്ക് ബിനീഷുമായി അടുത്ത് ബന്ധമുണ്ടെന്ന് അനുപ് മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബിനീഷിനെ വിശദമായി ചോദ്യം ചെയ്തത്. 

Follow Us:
Download App:
  • android
  • ios