ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു

By Web TeamFirst Published Nov 30, 2022, 3:18 AM IST
Highlights

നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള  ജാഗ്രതാ നിർദ്ദേശവും   തുടരുകയാണ്. 

തിരുവനന്തപുരം: സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ.നിശാന്തിനി ഇന്ന് സന്ദർശനം നടത്തും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യൽ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള  ജാഗ്രതാ നിർദ്ദേശവും   തുടരുകയാണ്. 

പൊലീസ് സ്റ്റേഷൻ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുൻ നിർത്തിയാണ് പ്രത്യേക സുരക്ഷ. പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തതിന് 3000 പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമസമാധാന അന്തരീക്ഷം കലുഷിതമാക്കേണ്ടെന്ന തീരുമാനത്തിലാണ് അറസ്റ്റ് വൈകുന്നത്. സ്റ്റേഷൻ ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേർ ഇന്നലെ ആശുപത്രിവിട്ടിരുന്നു. അതിനിടെ  വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ഇന്ന് മാർച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനിൽ നിന്ന് മാർച്ച് തുടങ്ങും. 

അതേസമയം, സമരം ചെയ്യുന്നത് രാജ്യദ്രോഹികളല്ലെന്ന് വിഴിഞ്ഞം സമരസമിതി കൺവീനർ ജോയ് ജറാൾഡ്. രാജ്യദ്രോഹക്കുറ്റം ചെയ്യുന്നത് നേതാക്കളാണെന്നും പദ്ധതി പാസാക്കുന്നവരാണ് രാജ്യദ്രോഹികളെന്നും ജോയ് ജറാൾഡ് ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. ഏഴ് ആവശ്യങ്ങളാണ് ഞങ്ങൾ ഉന്നയിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രോജക്ട് വേണ്ടെന്ന് പറഞ്ഞിരുന്നില്ല. അന്ന് കേരളം സിംഗപ്പൂരാകും മലേഷ്യയാകും ഭാവി തലമുറയെ ഓർത്ത് സമ്മതിക്കണം എന്ന് ഞങ്ങളുടെ സഭാ നേതാവ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പിതാവ് സർക്കാറിന് നിവേദനം കൊടുത്തിരുന്നു. ഭാവിയിൽ ചിലത് സംഭവിക്കുമെന്നും അതിന് കരുതലുണ്ടാകണമെന്നും ആ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 500 കോടി രൂപയെന്ന് പറയുന്നത് ഈ കരുതലിനെയാണ്. പക്ഷേ ഏഴ് വർഷമായിട്ടും തൊഴിലാളികൾക്ക് വേണ്ടി ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല മൂന്ന് സെന്റ് വസ്തുവും 750 സ്ക്വയ‍ർ ഫീറ്റ് വീടും ഞങ്ങൾ ആവശ്യപ്പെട്ടു. അത് നൽകിയില്ലെന്നും . മൂന്ന് സെന്റ് ഭൂമി ചോദിച്ചപ്പോൾ പുഴുവരിക്കുന്ന സിമന്റ് ഗോഡൗണിലാണ് ഇടം നൽകിയതെന്നും ജെറാൾഡ് പറഞ്ഞു. 

മത്സ്യബന്ധനം നടത്താവുന്ന തുറമുഖമായിരുന്നു. എന്നാൽ  പുളിമുട്ട് ഇട്ടതോടെ കഴിഞ്ഞ ഒന്നര വർഷം കൊണ്ട് ആറ് സഹോദരങ്ങളെ നഷ്ടപ്പെട്ടു. 133 ദിവസമായി ഇതൊക്കെയാണ് ഞങ്ങളെ ഇവിടെ ഇരുത്തുന്നത്. എന്നിട്ടും നിങ്ങൾ പറയുന്നത് ഞങ്ങൾ രാജ്യദ്രോഹികളാണെന്നാണ്. ഒരു ദിവസം വരൂ, മന്ത്രിമാ‍ർ വരട്ടെ കടലിൽ കൊണ്ടുപോകാം. മീൻ പിടിക്കുന്നത് കാണിച്ച് തരാം. അവിടെ ഇരുന്ന് രാജ്യദ്രോഹികളെന്നും വിദേശ ഫണ്ട് വാങ്ങുന്നുവെന്നും പറയുന്നു. വിദേശ ഫണ്ട് വാങ്ങുന്നത് നിങ്ങളാണ്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനോ പക്ഷപാതം ഉണ്ടാക്കാനോ ഇല്ലാത്തത് പറയരുതെന്നും ജെറാൾഡ് ന്യൂസ് അവറിൽ വ്യക്തമാക്കി. 


 

click me!