
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പതിനൊന്നാം പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ ഇതേ ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ദിലീപ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീൽ നൽകിയത്.
തനിക്കെതിരായ തെളിവുകൾ അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് ദിലീപിന്‍റെ ആവശ്യം. എന്നാൽ ഏത് ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്‍റെ ഭാഗമാണ് ഹർജിയെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താൻ തീരുമാനമായിരുന്നു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയുടെതാണ് നിർദ്ദേശം. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദം അടച്ചിട്ട കോടതിയിൽ ആരംഭിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച് അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക വാദമാണ് എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ ആരംഭിച്ചത്. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് രഹസ്യ വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam