'കിഫ്ബി ദിവാസ്വപ്നമല്ല'; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

By Web TeamFirst Published Apr 7, 2019, 9:51 PM IST
Highlights

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക് കിഫ്ബി വഴി യാഥാര്‍ഥ്യമാക്കിയ വികസനങ്ങളുടെ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്. കിഫ്ബി ദിവാസ്വപ്നമല്ല, കൺമുന്നിലെ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: കിഫ്‍ബിയുടെ മസാല ബോണ്ടുകൾ സംബന്ധിച്ച വിവാദങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ കിഫ്ബി വഴി വന്ന വികസനങ്ങള്‍ എണ്ണപ്പറഞ്ഞ് സംസ്ഥാന ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക് കിഫ്ബി വഴി യാഥാര്‍ഥ്യമാക്കിയ വികസനങ്ങളുടെ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്.

കിഫ്ബി ദിവാസ്വപ്നമല്ല, കൺമുന്നിലെ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ, സംസ്ഥാന സർക്കാരിന്‍റെ അഭിമാനപദ്ധതിയായ കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ ചെന്നിത്തല  അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. വിവാദ കമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. അതേസമയം, 'മസാല ബോണ്ട്' വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് നാടിന് വിരുദ്ധമായ നിലപാടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

നാടിനെ പറ്റി വല്ല താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനേഡിയൻ പെൻഷൻ ഫണ്ട് സ്വകാര്യ കമ്പനിയല്ല.  അനേകം രാജ്യത്ത് അവരുടെ നിക്ഷേപമുണ്ടെന്നും കുറഞ്ഞ പലിശയാണ് അവർ ഈടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബിയുടെ മസാല ബോണ്ടുകളിൽ ഭൂരിഭാഗവും എസ്എൻസി ലാവ്‍ലിനുമായി അടുത്ത ബന്ധമുള്ള CDPQ എന്ന കമ്പനിയാണ് വാങ്ങിയതെന്ന ആരോപണം നേരത്തെ തോമസ് ഐസക് നിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് കിഫ്ബി വഴി നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും വ്യക്തമാക്കുന്ന വീഡിയോ തോമസ് ഐസക് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. 

വീഡിയോ കാണാം...

click me!