
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ(Actress attacked case) ദിലീപിന്റെ (Dileep)ചോദ്യം ചെയ്യൽ 11.30 ന് തുടങ്ങും. ആലുവ പൊലീസ് ക്ലബ്ബിൽ ആണ് ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയുക.
ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞെന്നാണ് ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.
സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam