നടിയെ ആക്രമിച്ച കേസ്: നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യമെന്ന് ദിലീപ്

By Web TeamFirst Published Oct 3, 2019, 4:59 PM IST
Highlights

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 

ദില്ലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് സുപ്രീംകോടതിയിൽ. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സത്രീ ശബ്ദത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഈ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ലെന്നും ദിലീപ് പറഞ്ഞു. രേഖാമൂലം കോടതിയൽ സമർപ്പിച്ച കേസിലെ വാദങ്ങളിലാണ് ദിലീപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായതാണ്. ഇതിൽ വിധി പറയുന്നതിന് മുൻപ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങൾ രേഖാമൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. 

മെമ്മറി കാർഡിന്റെ പകർപ്പ് കിട്ടിയാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുകയുള്ളു എന്നാണ് ദിലീപ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ കയ്യിൽ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാർ​ഗങ്ങൾ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. 

ദൃശ്യങ്ങളിൽ വാട്ടർമാർക്ക് ഇട്ട് നൽകണം. വാട്ടർ മാർക്കിട്ടാൽ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നും ദിലീപ് പറഞ്ഞു. ദൃശ്യങ്ങൾ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് വ്യക്തമാക്കി.

ദൃശ്യങ്ങളിൽ ഒരു സ്ത്രീയുടെ ശബ്ദമുണ്ട്. ആ ശബ്ദം കേസ് രേഖകളിൽ പരാമർശിക്കുന്നില്ല. അതിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ മെമ്മറി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ദിലീപ് പറഞ്ഞു. കേസിലെ വിചാരണ പൂർത്തിയാകുന്നതോടെ മെമ്മറി കാർഡിന്റെ പകർപ്പ് തിരിച്ചേല്പിക്കുമെന്നും ദിലീപ് ഉറപ്പ് നൽകുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമേ തനിക്ക് കേസുമായി മുന്നോട്ട് പോകാൻ കഴിയൂ എന്നും ദിലീപ് വ്യക്തമാക്കുന്നു. നേരത്തെ കോടതിയിൽ നടത്തിയ വാദങ്ങൾ തന്നെയാണ് ദിലീപ് ഇപ്പോൾ രേഖാമൂലം സമർപ്പിച്ചിരിക്കുന്നത്.സര്‍ക്കാരിന്‍റെ മറുപടി വാദം കൂടി കിട്ടിയ ശേഷമാകും കേസിൽ കോടതി വിധി പറയുക.

മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.

Read More: മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുത്; ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിൽ

ഇതിന് പിന്നാലെ മെമ്മറി കാർഡ് ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാരും എതിർത്തിരുന്നു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്നായിരുന്നു സർക്കാർ 
കോടയിൽ വാദിച്ചത്.

Read Also: നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയിൽ

click me!