Asianet News MalayalamAsianet News Malayalam

മെമ്മറി കാർഡിന്‍റെ പകർപ്പ് ദിലീപിന് നൽകരുത്; ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയിൽ

നടിയെ ആക്രമിക്കുന്ന  ദൃശ്യങ്ങളുടെ പകർപ്പ്  വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം. 

ATTACKED ACTRESS APPROACHES SUPREME COURT TO ENSURE MEMORY CARD COPY IS NOT GIVEN TO DILEEP
Author
Delhi, First Published Sep 16, 2019, 4:24 PM IST

ദില്ലി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയിൽ. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മെമ്മറി കാർഡ് ദിലീപിന് നൽകുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്ന് നടി സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.

ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നൽകുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് നടി സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ പ്രതിയെന്ന നിലയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് കിട്ടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഇതിനെതിരെയാണ് ആക്രമണത്തിന് ഇരയായ നടിയുടെ അപേക്ഷ. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് ഒരു കാരണവശാലും നൽകരുത്. അത് തന്‍റെ സ്വകാര്യതക്ക് ഭീഷണിയാണെന്ന് അപേക്ഷയിൽ പറയുന്നു. 

മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നൽകാനാകില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു. നൽകിയാൽ അത് നടിക്കെതിരെ ഉപയോഗിക്കപ്പെടുമെന്നും ദൃശ്യങ്ങൾ പ്രതി പുറത്തുവിടില്ല എന്നതിന് യാതൊരു ഉറപ്പും ഇല്ലെന്നുമായിരുന്നു സർക്കാർ വാദം. മെമ്മറി കാര്‍ഡ് കേസിലെ രേഖയാണോ, തൊണ്ടിമുതലാണോ എന്ന് വ്യക്തമാക്കാൻ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് നാളെ പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സര്‍ക്കാര്‍  മറുപടി  നൽകും. കേസിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ദിലീപിനെതിരെ കുറ്റം ചുമത്തുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടി കൂടി സുപ്രീംകോടതിയെ സമീപിച്ചതോടെ ദിലീപിനെതിരെയുള്ള വാദങ്ങൾ ശക്തമാകും.  

Follow Us:
Download App:
  • android
  • ios