നേരിട്ട് ചർച്ച, ഇടപെടൽ; മന്ത്രി പി രാജീവിന്റെ മീറ്റ് ദി മിനിസ്റ്ററിൽ പ്രതീക്ഷയർപ്പിച്ച് സംരഭകർ

By Web TeamFirst Published Jul 15, 2021, 5:51 PM IST
Highlights

സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരഭകരുമായി നേരിട്ട് ചർച്ച നടത്തി വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിക്ക് എറണാകുളത്ത് തുടക്കമായി.

കൊച്ചി: സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരഭകരുമായി നേരിട്ട് ചർച്ച നടത്തി വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടിക്ക് എറണാകുളത്ത് തുടക്കമായി.സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ കെടുകാര്യസ്ഥത ഇനി മുതൽ അനുവദിക്കില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

കോട്ടപ്പടി പഞ്ചായത്തിലെ തന്‍റെ ലാറ്റെക്സ് യൂണിറ്റിന് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് പുതുക്കി നൽകുന്നില്ല എന്നായിരുന്നു അനിൽ കുര്യാസ് എന്ന സംരഭകന്റെ പരാതി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ഉടൻ തന്നെ ഇതിന് കാരണം തേടിയ മന്ത്രി അടിയന്തര നടപടിക്ക് തുടക്കമിട്ടു.

വ്യവസായ സെക്രട്ടറിക്കൊപ്പം പദ്ധതി അനുമതിക്കുള്ള വിവിധ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥ സാന്നിദ്ധ്യത്തിലാണ്  പരിപാടി.മുൻകൂറായി ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ഉടനടി നടപടി. സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം മെയ് 30നാണ് വികേന്ദ്രീകൃത രീതിയിൽ പരാതി പരിഹാരമെന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്.

14 ജില്ലകളെ നാലായി തിരിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തുടർനടപടികൾ ഉറപ്പാക്കും. കിറ്റെക്സ് വിവാദവുമായി ഈ തീരുമാനത്തിന് ബന്ധമില്ലെന്നും മന്ത്രി പി. രാജീവ് ആവർത്തിച്ചു. ഇപ്പോൾ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ്, സർക്കാർ ഇടപെടലിനെ സംരംഭകരും സ്വാഗതം ചെയ്യുകയാണ്.

അതേസമയം ചെറുകിട, ഇടത്തരം വൻകിട സംരംഭകർക്ക് പരമാവധി പിന്തുണ നൽകി ദേശീയ തലത്തിൽ തന്നെ ചർച്ചയായ കിറ്റെക്സ് വിവാദങ്ങളുടെ മുന ഒടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന സർക്കാർ.

click me!