
കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിനായാണ് രഞ്ജിത്ത് ഹർജി നൽകിയത്. രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
നേരത്തെ, പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരായി പരാതി നൽകിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.
അതിനിടെ, രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.
അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam