'ഇത് എന്‍റെ സെറ്റിലാണോ നടന്നത്'? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍
തമിഴ് സിനിമയിലെ അതിക്രമങ്ങളെക്കുറിച്ചും രാധിക
മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചലച്ചിത്രതാരം രാധിക ശരത്കുമാര്‍ നടത്തിയത് ഏതാനും ദിവസം മുന്‍പായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ ഈ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും പറയുകയാണ് രാധിക. ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രാധിക ശരത്കുമാറിന്‍റെ പ്രതികരണം.
"മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന കാര്യം അറിയിച്ചു", രാധിക ശരത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക പറഞ്ഞു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രധാന വെളിപ്പെടുത്തല്‍.
"യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു". ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.
ALSO READ : 'ശാര്‍ദ്ദൂല വിക്രീഡിതം'; മലയാളത്തില്‍ നിന്ന് മറ്റൊരു വെബ് സിരീസ് കൂടി