
പാലക്കാട്: പാലക്കാട് ചാത്തന്നൂരിലെ തകർന്ന് കിടക്കുന്ന റോഡ് ശരിയാക്കി തരണമെന്ന് അധികൃതരോട് കേണപേക്ഷിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി നൗഫൽ. രണ്ട് തവണ വീണ് പരിക്കേറ്റ നൗഫലിന് ബഡ്സ് സ്കൂളിലേക്ക് പോകുന്നത് തന്നെ നിർത്തേണ്ട അവസ്ഥയാണ്. പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ മേലോറത്ത് കോളനി റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. ഒരു കിലോമീറ്റർ റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ചെയ്ത ടാർ അടർന്നു മാറി ആഴത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇതോടെ ഈ വഴിയിലൂടെയുള്ള കാൽ നടയാത്ര പോലും ദുഷ്കരമായി. ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാർ, പ്രദേശത്തെ 200ഓളം കുടുംബങ്ങൾ എന്നിവരുടെയെല്ലാം യാത്രാ മാർഗമാണിത്.
യാത്രക്കിടെ രണ്ട് തവണയാണ് ചക്രക്കസേരയിൽ നിന്ന് വീണ് നൗഫലിന് പരിക്കേറ്റത്. ഈ റോഡൊന്ന് ശരിയാക്കി തരണം, മറ്റുള്ളവരെപ്പോലെ സഞ്ചരിക്കാൻ പറ്റില്ലെന്നും നൗഫൽ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് നന്നാക്കിയാൽ അത്രയും ജനങ്ങൾക്ക് നല്ലത് എന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. കൊടുംവളവുകളും കയറ്റവും നിറഞ്ഞ റോഡിലെ തകർച്ച അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. മഴക്കാലത്തെ വെള്ളക്കെട്ട് കൂടിയാകുമ്പോൾ യാത്രാ ദുരിതം ഇരട്ടിയാകും. റോഡ് നന്നാക്കാൻ ഉടൻ നടപടി തുടങ്ങുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam