
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയും ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി സംസ്ഥാനതത് രണ്ട് എസ്എച്ച്ഒമാർക്ക് (SHO) എതിരെ പൊലീസ് മേധാവിയുടെ അച്ചടക്ക നടപടി. എറണാകുളം ജില്ലയിലെ എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, സാബുജി എം.എ.എസിനെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെ, പ്രവർത്തകർ വാഹനത്തിന്റെ ചില്ലിൽ ഇടിച്ചു. കമ്പനിപ്പടിയിൽ ആയിരുന്നു പ്രതിഷേധം ഈ സംഭവത്തിലാണ് എസ്എച്ച്ഒ സാബുജിയെ സ്ഥലം മാറ്റിയത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാൽ സാബുജിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നു, ആലുവ കമ്പനിപ്പടിയിൽ കരിങ്കൊടി കാട്ടി
ഗുണ്ടാ ബന്ധത്തിലാണ് കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മാറ്റിയത്. എം.ജെ.അരുണിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുൺ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. ഈ ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാൻ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സ്ഥലം മാറ്റം. എന്നാൽ എം.ജെ.അരുണിനെ മലപ്പുറത്ത് സൈബർ ക്രൈം സ്റ്റേഷനിൽ തന്നെയാണ് നിയമിച്ചിട്ടുള്ളത്.
സാബുജിക്ക് പകരമായി വാടാനപ്പള്ളി എസ്എച്ച്ഒ സനീഷ് എസ്.ആറിനെ എളമക്കരയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. എം.ജെ.അരുണിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതിന് പകരമായി അവിടുത്തെ എസ്എച്ച്ഒ ജഗദീഷ് വി.ആറിനെ കോട്ടയത്തേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam