
തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്കില്‍ സിപിഎം ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകിയെന്ന് ആരോപണവുമായി മുൻ ബ്രാഞ്ച് സെക്രട്ടറി. മുൻ പ്രസിഡന്‍റ് കെ കെ ദിവകാരന്‍റെ മരുമകൻ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. ഇത് സാധാരണക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയെന്നുമാണ് മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിക്കുന്നത്.
വിഷയത്തില്‍ പാർട്ടിക്ക് പലതവണ പരാതി നൽകിപ്പോൾ മന്ത്രി എസി മൊയ്തീന്‍റെ ഇടപെടൽ ഉണ്ടായി. അതുകൊണ്ടാണ് പാർട്ടിക്ക് അകത്ത് നടപടി ഉണ്ടാകാത്തത് എന്ന് സംശയിക്കുന്നുണ്ടെന്നും സുജേഷ് കണ്ണാട്ട് പറയുന്നു. തനിക്കെതിരെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും ഇതിനെതിരെ പരാതി കൊടുത്തപ്പോൾ ഒതുക്കി തീർത്തത് മൊയ്തീൻ ആണാണെന്നും സുജേഷ് കണ്ണാട്ട് വെളിപ്പെടുത്തി.
അതിനിടെ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. 30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Also Read: ഒറ്റപ്പെട്ട സംഭവം, സഹകരണ ബാങ്കുകളെ തകർക്കാൻ ഗൂഢശ്രമമെന്ന് സിപിഎം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam