
തിരുവനന്തപുരം: കേരളത്തോട് കേദന്ദ്രം മനപ്പൂര്‍വമായ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനമാണ് കിഫ്ബി വായ്പകളെ സംസ്ഥാനവായ്പയായി പരിഗണിച്ചു കൊണ്ട് 2021-22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേരളത്തിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറച്ചത്.
ഗ്യാരന്‍റിയും വായ്പയും രണ്ടാണെന്ന് 1999ല്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‍റെ വായ്പാ പരിധിയുടെ കാര്യത്തില്‍ എടുത്തിരിക്കുന്നത്. കിഫ്ബിക്ക് നല്‍കുന്ന ഗ്യാരന്‍റിയെ സംസ്ഥാനത്തിന്‍റെ വായ്പയായി ബോധപൂര്‍വ്വം കണക്കാക്കുന്ന വികലമായ സമീപനത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വായ്പാ പരിധി വെട്ടിക്കുറവ്.
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തി 2025 ഒക്ടോബര്‍ 9ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമനു വിശദമായ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പല അപേക്ഷകളും തീരുമാനമാകാതെ കേന്ദ്രത്തിന്‍റെ പരിഗണനയില്‍ മാത്രമായി അവശേഷിക്കുകയാണ്. ഒരു വശത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും വമ്പിച്ച കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 2021 മാര്‍ച്ചില്‍ 47,000 കോടി രൂപയായിരുന്ന തനത് നികുതി വരുമാനം ഇപ്പോള്‍ ഏകദേശം 80,000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു എന്നത് കേവലമൊരു നേട്ടമല്ല, മറിച്ച് ചിട്ടയായ ധനമാനേജ്മെന്‍റിന്‍റെ ഫലമാണ്. എന്നാല്‍ നമ്മള്‍ ഇത്രയും കഷ്ടപ്പെട്ട് നേടിയെടുത്ത പുരോഗതിയെ അപ്രസക്തമാക്കും വിധം അര്‍ഹമായ വിഹിതം നിഷേധിച്ചും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ വരിഞ്ഞുമുറുക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനം ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ മാസങ്ങളായി കേന്ദ്രത്തിന്‍റെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ജി.എസ്.ടി. സമ്പ്രദായം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം ഗണ്യമായി പരിമിതപ്പെട്ടുവെന്നത് നിങ്ങള്‍ക്കറിയാം. എന്നാല്‍, ജി.എസ്.ടി. നിരക്കുകളില്‍ വരുത്തപ്പെട്ട മാറ്റങ്ങള്‍ (Rate Rationalization) മൂലം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഏകദേശം 8,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടാകാന്‍ പോകുന്നത്. ഇതിന്‍റെ ആഘാതം ചെറുതല്ല. നഷ്ടപരിഹാരം ഇപ്പോള്‍ നിലവിലില്ല.
ഇതിനു പുറമെ, അന്താരാഷ്ട്ര വ്യാപാര രംഗത്തുണ്ടായ തിരിച്ചടികള്‍, പ്രത്യേകിച്ച് അമേരിക്ക ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങള്‍ നമ്മുടെ കയറ്റുമതി മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ 2,500 കോടിയോളം രൂപയുടെ അധിക വാര്‍ഷിക നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നത്. ഇത്രയേറെ വെല്ലുവിളികള്‍ക്കിടയിലാണ് ഐ.ജി.എസ്.ടി (IGST) സെറ്റില്‍മെന്‍റിന്‍റെ പേരില്‍ 965.16 കോടി രൂപ മുന്‍കൂര്‍ വിനിയോഗം ക്രമീകരിച്ചു എന്ന സാങ്കേതിക ന്യായം പറഞ്ഞ് 2025 ഏപ്രിലില്‍ വെട്ടിക്കുറച്ചത്. ഐജിഎസ്ടി വിഹിതത്തെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഇത് നമ്മുടെ ധനപരമായ നിലയെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. കേന്ദ്രം നടത്തുന്ന ഈ ഏകപക്ഷീയമായ തിരിച്ചുപിടിക്കലുകള്‍ സംസ്ഥാനത്തിന്‍റെ ബജറ്റ് ആസൂത്രണത്തെ തകിടം മറിക്കുന്നതാണ്.
കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന വിവേചനം കണക്കുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 3.05 ശതമാനമായിരുന്ന കേരളത്തിന്‍റെ വിഹിതം പതിനഞ്ചാം കമ്മീഷന്‍ ആയപ്പോഴേക്കും 1.92 ശതമാനമായി കുറഞ്ഞു. നാല് വര്‍ഷം മുന്‍പ് വരെ സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 45 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് അത് 25 മുതല്‍ 30 ശതമാനത്തിലേക്ക് ഇടിഞ്ഞു. അതായത് ആകെ റവന്യൂ വരുമാനത്തിന്‍റെ 70 മുതല്‍ 75 ശതമാനം വരെ സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ നമുക്ക് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിക്കാനുള്ള കാരണമായി കേന്ദ്രം മാറ്റുകയാണ്.
ഭരണഘടനയുടെ 293(3) വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കേരളത്തിനെതിരായ ഒരു രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നത്. കിഫ്ബി (KIIFB), സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് തുടങ്ങിയ ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുകയെ സംസ്ഥാനത്തിന്‍റെ പൊതുകടമായി കണക്കാക്കുന്ന വിചിത്രമായ വാദമാണ് കേന്ദ്രം ഉയര്‍ത്തുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 3.4 ലക്ഷം കോടി രൂപയുടെ കടം കേന്ദ്രത്തിന്‍റെ കടത്തില്‍ കൂട്ടില്ലെന്ന് പറയുന്ന അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ കിഫ്ബിയുടെ വായ്പയുടെ പേരില്‍ നമ്മളെ വരിഞ്ഞു മുറുക്കുന്നത്. 2025-26 വര്‍ഷത്തില്‍ മാത്രം 14,358 കോടി രൂപയാണ് നമ്മുടെ വായ്പാ പരിധിയില്‍ നിന്നും കേന്ദ്രം ഇത്തരത്തില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതില്‍ കിഫ്ബി/പെന്‍ഷന്‍ കമ്പനി വായ്പകളുടെ പേരില്‍ കിഴിവ് ചെയ്ത 4,711 കോടിയുടെ അവസാന ഗഡുവും ഉള്‍പ്പെടുന്നു. ഇത്തരം നടപടികള്‍ സംസ്ഥാനത്തിന്‍റെ മൊത്തം വായ്പാ സാധ്യതയെ ഗണ്യമായി പരിമിതപ്പെടുത്തി.
മറ്റൊരു പ്രധാന വിഷയം ഗ്യാരണ്ടി റിഡംപ്ഷന്‍ ഫണ്ടുമായി ബന്ധപ്പെട്ടതാണ്. കേരളം ഇതിനകം തന്നെ ഈ ഫണ്ട് രൂപീകരിക്കുകയും 250 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതില്‍ അശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും കുടിശ്ശിക ആരോപിക്കുകയും ചെയ്ത് 3,323 കോടി രൂപ കൂടി ഈ വര്‍ഷത്തെ വായ്പാ പരിധിയില്‍ നിന്നും വെട്ടിക്കുറച്ചു. റിസര്‍വ് ബാങ്ക് അഞ്ചു വര്‍ഷത്തെ കാലാവധി നല്‍കിയ ഒരു കാര്യത്തില്‍ ഇത്തരമൊരു വെട്ടിക്കുറയ്ക്കല്‍ നടത്തിയത് കേരളത്തിന്‍റെ വികസന മാതൃകയെ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ്. സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി എസ്പിവികളുടെ ഓഫ് ബഡ്ജറ്റ് വായ്പകളുടെ പേരില്‍ 5,944 കോടി രൂപ കൂടി അധികമായി വെട്ടിക്കുറയ്ക്കാനുള്ള നീക്കവും ഇതേ ഗണത്തില്‍പ്പെടുന്നതാണ്. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലേക്ക് വായ്പ എടുക്കുന്നതിനായി 12,516 കോടി രൂപയ്ക്ക് അപേക്ഷ നല്‍കിയതില്‍ നിന്നും വെറും 5,636 കോടി രൂപയ്ക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത് എന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വെളിപ്പെടുത്തുന്നു.
ദേശീയപാതാ വികസനത്തില്‍ കേരളം കാണിച്ച മാതൃകാപരമായ സമീപനത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രതികരണം എന്താണെന്ന് ഈ ഘട്ടത്തിൽ ഓർക്കുന്നത് നല്ലതാണ്. സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനം വഹിക്കാന്‍ തയ്യാറായ രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇതിനായി അംഗീകരിച്ച 6,769 കോടിയില്‍ ഇതിനകം നമ്മള്‍ കൈമാറിയത് 5,580 കോടി രൂപയാണ്. വികസനത്തോടുള്ള നമ്മുടെ ഈ സന്നദ്ധതയെ അംഗീകരിക്കുന്നതിന് പകരം, ആ തുകയെയും നമ്മുടെ സാധാരണ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്‍റേത്. നമ്മുടെ ഈ നിക്ഷേപത്തെ 'വായ്പ'യായി കണ്ട് വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ വന്‍കിട വികസന പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.
സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (GSDP) കണക്കെടുപ്പില്‍ പോലും അപാകതകള്‍ വരുത്തിക്കൊണ്ട് നമ്മുടെ വായ്പാ പരിധി വെട്ടിച്ചുരുക്കുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തുന്ന ഈ കണക്കെടുപ്പിലൂടെ 4,250 കോടി രൂപയുടെ അധിക വായ്പയ്ക്കുള്ള അര്‍ഹത കേരളത്തിന് നിഷേധിക്കപ്പെടുകയാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത രീതിശാസ്ത്രം (Methodology) പ്രകാരം കേരളത്തിന്‍റെ എന്‍ബിസി (NBC-നെറ്റ് ബോറോയിംഗ് സീലിംഗ്) 44,126 കോടിയായിരിക്കേണ്ടിടത്ത് കേന്ദ്രം അത് 39,876 കോടിയായി പരിമിതപ്പെടുത്തി.
ഇതിനു പുറമെ, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1877.58 കോടിയുടെ അധിക വായ്പ, അന്തിമ ജിഎസ്ഡിപി കണക്കുകള്‍ വരുന്നതിനു മുന്‍പേ തന്നെ 2024-25 ലെ പരിധിയില്‍ നിന്നും ക്രമീകരിച്ചു. ഇത്തരത്തില്‍ ഓരോ ഇനത്തിലും തുക വെട്ടിക്കുറയ്ക്കുമ്പോള്‍ കേരളം നേരിടുന്നത് ഒരു കൃത്യമായ സാമ്പത്തിക ഉപരോധമാണ്. കേന്ദ്രത്തിന്‍റെ ഈ നയം മൂലം മൊത്തത്തില്‍ 1,07,513 കോടി രൂപയുടെ വിഭവ നഷ്ടമാണ് കേരളത്തിന് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്.
കേരളത്തിന്‍റെ ലോട്ടറി ഏതുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാവുന്നതാണല്ലോ. അതുകൊണ്ട് ജീവിക്കുന്നത് സമൂഹത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന അനേകായിരങ്ങളാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട; മറ്റൊരു ജീവനോപാധിയും ഇല്ലാത്ത; ഭിന്നശേഷിക്കാരായ പാവങ്ങളുടെ ജീവിതമാര്‍ഗമായ ആ ലോട്ടറിയെ അനധികൃത ചരക്കുകളുടെ കൂട്ടത്തില്‍ പെടുത്തി 40% നികുതി ചുമത്തിയത് എന്ത് പറഞ്ഞാണ് യൂണിയന്‍ സര്‍ക്കാരിന് ന്യായീകരിക്കാന്‍ ആവുക? ഏറ്റവും സുതാര്യമായി നടക്കുന്ന കേരള സംസ്ഥാന ലോട്ടറിയെ പോലും ഇങ്ങനെ ദ്രോഹിക്കുന്നത് ഏതു ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണ്? എന്നും അദ്ദേഹം ചോദിച്ചു.
ഇത്രയേറെ സാമ്പത്തിക പ്രയാസങ്ങള്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പതറാതെ മുന്നോട്ടു പോയിട്ടുണ്ട്. ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനും, 4.71 ലക്ഷം പേര്‍ക്ക് വീട് നല്‍കിയ ലൈഫ് മിഷനിലൂടെ 5 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താനും പ്രതിജ്ഞാബദ്ധമായ നീക്കങ്ങളാണ് നടക്കുന്നത്. ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 2000 രൂപയാക്കി ഉയര്‍ത്തിയത് 60 ലക്ഷം പേര്‍ക്കാണ് ആശ്വാസമാകുന്നത്. യുഡിഎഫ് കാലത്ത് വെറും 34 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം ഇന്ന് 60 ലക്ഷമായി ഉയര്‍ന്നുവെന്നത് സാധാരണക്കാരോടുള്ള ഈ സര്‍ക്കാരിന്‍റെ കരുതലിന്‍റെ അടയാളമാണ്. എന്നാല്‍ ഈ സാമ്പത്തിക വരിഞ്ഞുമുറുക്കല്‍ നമ്മുടെ കുതിപ്പിന്‍റെ വേഗത കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്. അര്‍ഹമായ പണം കേന്ദ്രം തടഞ്ഞു വെക്കുന്നത് മൂലം നമ്മുടെ ആശുപത്രികളിലെയും സ്കൂളുകളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കും റോഡ് നവീകരണത്തിനുമെല്ലാം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്.
ഈ അനീതിക്കെതിരെ കേരളത്തിന്‍റെ ശബ്ദം ഒന്നിച്ച് ഉയരേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സംസ്ഥാനത്തിന്‍റെ വികസനത്തെ തകര്‍ക്കാന്‍ കേന്ദ്രം നടത്തുന്ന ഈ നീക്കങ്ങളെ തുറന്നു കാട്ടുന്നതിന് പകരം അവയ്ക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ പ്രതിപക്ഷം സ്വീകരിക്കുന്നത്. കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നതിനായി കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവും യു.ഡി.എഫ് എം.പിമാരും കേരളത്തിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. പാര്‍ലമെന്‍റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയ്യാറാകാത്ത ഇവര്‍, രാഷ്ട്രീയ ലാഭത്തിനായി നാടിന്‍റെ വികസനത്തെ ബലികൊടുക്കുകയാണ്. കേന്ദ്ര ഗ്രാന്‍റ് ഇന്‍എയ്ഡില്‍ 15,309.60 കോടി രൂപയുടെ കുറവ് (56%) ഉണ്ടായിട്ടും ഇവര്‍ മൗനം പാലിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? കേരളത്തിനെ അപമാനിക്കാനും വികസനം മുടക്കാനും ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒന്നുപോലും ഇവര്‍ പാഴാക്കുന്നില്ല എന്നതും ലജ്ജാകരമാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ യു.ഡി.എഫ് സമീപനം എന്താണ്? എന്താണ് ലോക്സഭയില്‍ 18 എം പി.മാര്‍ കൈക്കൊള്ളുന്ന സമീപനം? എങ്ങനെ കേരളത്തിനുള്ള സഹായം കുറയ്ക്കാം എന്ന ലക്ഷ്യത്തോടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ നമ്മുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നില്ല. പ്രതിസന്ധിഘട്ടങ്ങളില്‍ കേരളത്തിന്‍റെ പൊതുതാത്പര്യത്തിനെതിരെ കേന്ദ്ര ഭരണകക്ഷിയോട് ചേര്‍ന്നുനില്‍ക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം. ഐ.ജി.എസ്.ടി വിഹിതം ഉടനടി പുനഃസ്ഥാപിക്കാനും, അന്യായമായി വെട്ടിക്കുറച്ച വായ്പാ പരിധി തിരികെ നല്‍കാനും കേന്ദ്രം തയ്യാറാകണം. ജി.എസ്.ഡി.പി കണക്കുകളിലെ അപാകത പരിഹരിച്ച് അര്‍ഹമായ കടമെടുപ്പ് അവകാശം കേരളത്തിന് നല്‍കേണ്ടതുണ്ട്. നമ്മള്‍ ചോദിക്കുന്നത് ദാനമല്ല, മറിച്ച് ഭരണഘടനാപരമായ അവകാശമാണ്. കേരളത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ജനാധിപത്യപരമായ പോരാട്ടം നമ്മള്‍ തുടരും. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ കേരളത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് ഒന്നുമാത്രമാണ്: നമ്മുടെ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. ഏതു പ്രതിസന്ധിയിലും സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.
കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തെ ജനകീയ പ്രതിരോധത്തിലൂടെ നമ്മള്‍ മറികടക്കും. പ്രളയങ്ങളെയും മഹാമാരികളെയും അതിജീവിച്ച കേരളത്തിന്‍റെ ഇച്ഛാശക്തിക്ക് മുന്നില്‍ ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങള്‍ വിജയിക്കില്ല. വികസിത രാജ്യങ്ങള്‍ക്ക് സമാനമായ ജീവിതനിലവാരമുള്ള ഒരു നവകേരളം നിര്‍മ്മിക്കാനുള്ള നമ്മുടെ യാത്രയില്‍ എല്ലാ മലയാളികളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഒറ്റക്കെട്ടായി നിന്നാല്‍ ഒരു ശക്തിക്കും കേരളത്തിന്‍റെ കുതിപ്പിനെ തടയാനാവില്ല. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. നമ്മുടെ ക്ഷേമ പദ്ധതികള്‍ എന്ത് ത്യാഗം സഹിച്ചും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam