ലജ്ജിക്കുക കേരളമേ: അട്ടപ്പാടിയിൽ ശവസംസ്കാരത്തിലും വിവേചനം; വിലക്ക് പട്ടികജാതിക്കാരോട്

By Web TeamFirst Published Jan 23, 2021, 8:00 AM IST
Highlights

അട്ടപ്പാടി പുതൂര്‍ ശ്മശാനത്തിലാണ്, പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിലക്കുള്ളത്

പാലക്കാട്: കേരളം ദലിതരോട് ശവസംസ്കാരത്തിന് പോലും ജാതി ചോദിക്കുന്നു. അട്ടപ്പാടി പുതൂര്‍ ശ്മശാനത്തിലാണ്, പട്ടിക ജാതിക്കാരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിലക്കുള്ളത്. പട്ടികജാതിക്കാര്‍ക്ക് പുറമ്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്താന്‍ അനുവാദം നല്‍കിയ സിപിഐ ഭരിക്കുന്ന പഞ്ചായത്ത്, ജാതി വിവേചനം അവസാനിപ്പിക്കാനുള്ള നടപടികളെടുത്തതുമില്ല.

ഏഴുമാസം മുമ്പ് മരിച്ച അട്ടപ്പാടി ഉമ്മത്തും പടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ ബന്ധുക്കള്‍ക്ക് ഇന്നും അപമാനത്തിന്‍റെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വര്‍ഷങ്ങളായി അനുഭവിച്ച ജാതി വിവേചനം മരണാനന്തരവും പിന്തുടരുകയാണ്. വനഭൂമിയിലായിരുന്നു പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നത്. വനം വകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആദ്യമെത്തിയത് പുതൂര്‍ ആലമരം പൊതു ശ്മശാനത്തിലാണ്. മേല്‍ജാതിക്കൂട്ടം സംസ്കാരത്തിന് സമ്മതിച്ചില്ല. ഒടുവില്‍ സിപിഐ ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റ് കണ്ടെത്തിയ പരിഹാരം പുറമ്പോക്കില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കലായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യമന്വേഷിച്ച് പുതൂര്‍ പൊതു ശ്മശാനത്തിന്‍റെ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന വേലുച്ചാമിയെ കണ്ടു. മറുപടി ഞെട്ടിക്കുന്നതായിരുന്നു. കീഴ്ജാതിക്കാരെ കൂടെക്കൂട്ടാനാവില്ലെന്നാണ് വേലുച്ചാമി പറഞ്ഞത്. പുറന്പോക്ക് ഭൂമിയില്‍ സംസ്കാരം നടത്തിയതിന് ഈ ഏഴുമാസത്തിനിപ്പുറവും ശകുന്തളയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന ഭീഷണിയുമുണ്ട്.  

click me!