
പാലക്കാട്: ആലപ്പുഴ (Alappuzha) ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി (BJP) എം പി സുബ്രഹ്മണ്യൻ സ്വാമി (Subramanian Swamy). കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്നും സംസ്ഥാന സർക്കാരിനെ (LDF Kerala Government ) പിരിച്ചുവിടാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം. ഇസ്ലാമിക വത്കരണത്തിനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമം. അതിനവർ പാക്കിസ്ഥാനിലേക്ക് പോകട്ടേയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
അതേ സമയം, ആലപ്പുഴ കൊലപാതകത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. ആലപ്പുഴയിൽ ഇന്നലെ നടന്ന കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതാണ് ബിജെപി നേതാവ് രഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ സംഘര്‍ഷം നിലനിന്ന പ്രദേശത്താണ് ഇന്നലെ കൊലപാതകം നടന്നത്. അതിന്‍റെ ഉത്തരവാദിത്തം ബിജെപിക്ക്മേൽ കെട്ടിവക്കുകയാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് സംഘം വലിയ ഗൂഡാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. രഞ്ജിത്ത് ശ്രീനിവാസനെ തിരഞ്ഞ് പിടിച്ച് കൊല്ലുകയായിരുന്നു. വർഗ്ഗീയ കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ലക്ഷ്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam