
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വാക്ക് തര്‍ക്കത്തിനിടെ യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചതായി പരാതി. യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഇന്നലെ രാത്രി പത്തരോടെയാണ് സംഭവം. വീടിന് മുന്നിൽ കാര്‍ പാര്‍ക്ക് ചെയ്തത് വീട്ടുടമസ്ഥനായ വിനോദ് കുമാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. റോഡരികിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ രണ്ടു കാറുകളിലായി എത്തിയ സംഘവുമായാണ് തര്‍ക്കമുണ്ടായത്. രണ്ടു കാറുകളിലൊന്ന് വിനോദിന്‍റെ വീടിന്‍റെ മുന്നിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത് ഇവിടെ നിന്ന് മാറ്റണമെന്ന് വിനോദ് യുവാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാക്കള്‍ വിനോദുമായി തര്‍ക്കിച്ചു.
തര്‍ക്കം കണ്ട് വിനോദിന്‍റെ പരിചയക്കാരായ രണ്ടു യുവാക്കളും ഒപ്പം ചേര്‍ന്നു. വിനോദും സുഹൃത്തുക്കളായ രണ്ടുപേരുമായി കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. കയ്യാങ്കളിയമുണ്ടായി. ഇതിനിടെയാണ് വിനോദിന്‍റെ ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ വിനോദ് കുമാറിന്‍റെ സുഹൃത്തുക്കളായ ആനന്ദ്, ഷാനവാസ് എന്നിവര്‍ക്ക് പരിക്കേറ്റു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തിൽ വന്ന് യുവാക്കളെ ഇടിക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. രണ്ടു കാറിലുമായി ഉണ്ടായിരുന്ന യുവാക്കള്‍ തുടര്‍ന്നും അസഭ്യവര്‍ഷമടക്കം നടത്തിയാണ് സ്ഥലത്ത് നിന്ന് പോയതെന്നാണ് പരാതി. സംഭവത്തിൽ വിനോദ്‍കുമാറും ആനന്ദും ഷാനവാസും കിളിമാനൂര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലാണെന്നും പരാതിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam